കാനഡയിലെ നോർത്തേൺ ഒൻ്റാരിയോയിലുള്ള ആൽഗോമ സ്റ്റീൽ മിൽ ഏകദേശം 1,000 തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. യു.എസ്. താരിഫുകളുടെയും വിപണികളിലെ മറ്റ് ചില പ്രശ്നങ്ങളെയും തുടർന്നാണ് തീരുമാനം. സൗൾട്ട് സ്റ്റീ. മാരിയിലുള്ള പ്ലാൻ്റിലെ 1000 ജീവനക്കാർക്ക് നൽകിയ നോട്ടീസ് 2026 മാർച്ച് 23 മുതൽ പ്രാബല്യത്തിൽ വരും. കമ്പനിയുടെ ബ്ലോസ്റ്റ് ഫർണസും കോക്ക് നിർമ്മാണ പ്രവർത്തനങ്ങളും അടച്ചുപൂട്ടുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
ഏകദേശം 2,500 ഓളം ജീവനക്കാരുള്ള കമ്പനിയിലെ തൊഴിലാളികളിൽ മൂന്നിലൊന്ന് പേരെ നടപടി ബാധിക്കും. ബ്ലാസ്റ്റ് ഫർണസ് അടച്ചുപൂട്ടി 2026-ൻ്റെ തുടക്കത്തിൽ ഇലക്ട്രിക് ആർക്ക് ഫർണസിലേക്ക് (Electric Arc Furnace) മാറാനുള്ള കമ്പനിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് ചില പിരിച്ചുവിടലുകൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. ജോലി നഷ്ടം പരിമിതപ്പെടുത്തുന്നതിനായി കമ്പനിക്ക് അടുത്തിടെ 500 മില്യൺ ഡോളർ സർക്കാർ വായ്പ നല്കിയിരുന്നു. തൊഴിലാളികളിൽ 900 പേരെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നും സൗൾട്ട് സ്റ്റീ. മാരിയിലെ നിർമ്മാണ വ്യവസായത്തിന് ഇത് കനത്ത തിരിച്ചടിയാകുമെന്നും യുണൈറ്റഡ് സ്റ്റീൽവർക്കേഴ്സ് പ്രസിഡൻ്റ് മൈക്ക് ഡാ പ്രാറ്റ് പറഞ്ഞു. തൊഴിലാളികൾക്ക് പുതിയ തൊഴിലുകൾ കണ്ടെത്താൻ സഹായിക്കുന്ന മൈറ്റിഗേഷൻ സ്ട്രാറ്റജികൾ കമ്പനിയും യൂണിയനും ചേർന്ന് ആസൂത്രണം ചെയ്യുന്നുണ്ട്.