ബ്രിട്ടീഷ് കൊളംബിയയിലെ സർറേ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയ 20-കാരൻ മരിച്ചു. റോവൻ ഹാമിൽട്ടൺ എന്ന 20 വയസ്സുള്ള യുവാവാണ് ആശുപത്രി സന്ദർശിച്ചതിന് പിന്നാലെ മരിച്ചത്. ഇതേ തുടർന്ന് റോവൻ്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.
ശ്വാസതടസ്സം, കൂടിയ ഹൃദയമിടിപ്പ്, നെഞ്ച് വേദന എന്നീ ലക്ഷണങ്ങളോടെയാണ് നവംബർ 18-ന് റോവൻ എമർജൻസി റൂമിൽ എത്തിയത്. എന്നാൽ ആവശ്യമായ പരിശോധനകൾ നടത്താതെ ഡോക്ടർമാർ അദ്ദേഹത്തിന് ആൻ്റിബയോട്ടിക്കുകൾ നൽകി വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം, ജോലി സ്ഥലത്ത് വെച്ച് അദ്ദേഹം കുഴഞ്ഞുവീഴുകയും ഉടൻ തന്നെ റോയൽ കൊളംബിയൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനകളിൽ റോവൻ്റെ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർന്ന് അടുത്ത ദിവസം അദ്ദേഹം മരണപ്പെട്ടു.
വേണ്ട സമയത്ത് ശരിയായ രോഗനിർണയം നടത്താൻ കഴിയാതിരുന്നത് ജീവനക്കാരുടെ അമിത ജോലിഭാരം മൂൂലമാണെന്ന് റോവൻ്റെ പിതാവ് ജസ്റ്റിൻ ഹാമിൽട്ടൺ ആരോപിച്ചു. നവംബർ 29-ന് കുടുംബാംഗങ്ങൾ സർറേ മെമ്മോറിയൽ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ആരോഗ്യ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഒഴിവാക്കാൻ കഴിയുന്ന മരണമായിരുന്നു റോവൻ്റേതെന്ന് കുടുംബം അഭിപ്രായപ്പെട്ടു.
രോഗലക്ഷണങ്ങളെക്കുറിച്ച് ഡോക്ടർമാർക്ക് കൂടുതൽ മെച്ചപ്പെട്ട പരിശീലനം നൽകണമെന്നും, എമർജൻസി റൂമുകൾ എങ്ങനെ ശരിയായി ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കണമെന്നും ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്നും റോവൻ്റെ കുടുംബം ആവശ്യപ്പെട്ടു.