ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ 'വൺ ഫെയർ' ട്രാൻസിറ്റ് പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

By: 600110 On: Dec 2, 2025, 6:34 AM

ഗ്രേറ്റർ ടൊറൻ്റോ ആൻഡ് ഹാമിൽട്ടൺ ഏരിയയിലെ 'വൺ ഫെയർ' ട്രാൻസിറ്റ് പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി ഒൻ്റാരിയോ സർക്കാർ. യാത്രക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം. 2024-ലാണ് ഈ പദ്ധതിക്ക് തുടക്കമായത്. ഇതനുസരിച്ച് പ്രാദേശിക ട്രാൻസിറ്റ് സേവനങ്ങളിൽ നിന്ന് GO ട്രാൻസിറ്റ് സേവനങ്ങളിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് ഇരട്ട ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ല. പദ്ധതി ആരംഭിച്ചതിനുശേഷം യാത്രക്കാർക്ക് ഏകദേശം $200 മില്യൺ ലാഭിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. ഏകദേശം 62 മില്യൺ സൗജന്യ ട്രാൻസ്ഫറുകൾളാണ് അനുവദിച്ചത്.

പദ്ധതി രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടുന്നതോടെ ഓരോ യാത്രക്കാരനും പ്രതിവർഷം $1,600 വരെ ലാഭിക്കാൻ കഴിയുമെന്ന് ട്രാൻസ്പോർട്ടേഷൻ മന്ത്രി പ്രഭ്മീത് സർക്കാർ പറഞ്ഞു. യാത്രാ സംവിധാനങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധം നിലനിർത്തുകയെന്ന സർക്കാരിൻ്റെ നിലപാടാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് അവരുടെ PRESTO കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ട്രാൻസ്ഫറുകൾ നടത്താം. പ്രാദേശിക ട്രാൻസിറ്റ് സേവനങ്ങളിൽ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കിൽ, ട്രാൻസ്ഫറുകൾക്ക് രണ്ട് മണിക്കൂർ സാധുതയുണ്ടാകും. GO ട്രാൻസിറ്റിൽ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കിൽ, ട്രാൻസ്ഫറുകൾക്ക് മൂന്ന് മണിക്കൂർ സാധുതയുണ്ടാകും.

ടിടിസി , ഗോ ട്രാൻസിറ്റ്, ബ്രാംപ്ടൺ ട്രാൻസിറ്റ്, ഡർഹം റീജിയൻ ട്രാൻസിറ്റ്, MiWay, പീൽ ട്രാൻസ്ഹെൽപ്, യോർക് റീജിയൻ ട്രാൻസിറ്റ് എന്നിവയാണ് ഈ സംവിധാനത്തിൽ പങ്കാളിത്തമുള്ള ഏജൻസികൾ. ഒരേയൊരു തവണ പണം അടച്ച് ട്രാൻസ്ഫറുകൾ നടത്തുന്നത് വ്യത്യസ്ത ട്രാൻസിറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ലളിതവും ചെലവ് കുറഞ്ഞതുമാക്കുന്നു. ഈ ആനുകൂല്യം 2027 വരെ യാത്രക്കാർക്ക് ലഭ്യമാകും. ടൊറൻ്റോ മേയർ ഒലിവിയ ചൗ അടക്കമുള്ളവർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.