സാൽമൊണെല്ല സാധ്യതയെ തുടർന്ന് ബ്രൊക്കോളി ഫ്ലോററ്റുകൾ തിരിച്ചുവിളിച്ചു

By: 600110 On: Dec 1, 2025, 12:54 PM

സാൽമൊണെല്ല ഭീഷണിയെ തുടർന്ന് "Your Fresh Market" ബ്രാൻഡ് ബ്രൊക്കോളി ഫ്ലോററ്റുകൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചുവിളിച്ചു. 900 ഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒൻ്റാരിയോ, ക്യൂബെക്ക്, ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻ്റ്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നീ ആറ് പ്രവിശ്യകളിൽ വിതരണം ചെയ്തവയാണ് തിരിച്ചുവിളിക്കപ്പെട്ടിട്ടുള്ളത്..

ഈ ഉൽപ്പന്നം ഭക്ഷിക്കുകയോ വിൽക്കുകയോ വിളമ്പുകയോ ചെയ്യരുത് എന്ന് CFIA ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി. ഇത് ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണം. ഈ ബ്രൊക്കോളി കഴിച്ചതുമായി ബന്ധപ്പെട്ട് ഇത് വരെ ആർക്കും അസുഖം റിപ്പോർട്ട് ചെയ്തിട്ടില്ല. സാൽമൊണെല്ല ബാധിച്ച ഭക്ഷണത്തിൻ്റെ രൂപത്തിനോ മണത്തിനോ മാറ്റമുണ്ടായെന്ന് വരില്ല, എങ്കിലും ഇത് ആരോഗ്യത്തിന് ഭീഷണിയാണ്. പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ഉൽപ്പന്നം കഴിച്ച ശേഷം അസ്വസ്ഥത തോന്നുന്നവർ ആരോഗ്യ വിദഗ്ദ്ധരെ സമീപിക്കണമെന്ന് CFIA നിർദ്ദേശിച്ചു. ഏജൻസി സുരക്ഷാ പരിശോധന തുടരുകയും മലിനമായ ബ്രൊക്കോളി സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.