കാനഡയുടെ വിദേശ സഹായവും ആഗോള ആരോഗ്യ ഫണ്ടിംഗും വെട്ടിക്കുറയ്ക്കരുതെന്ന് യുഎൻഎയ്ഡ്‌സ് (UNAIDS) മേധാവി വിന്നി ബിയാനിമ. പ്രധാനമന്ത്രി മാർക്ക് കാർണിയോടാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യങ്ങൾ തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിന് ആഗോള ഐക്യദാർഢ്യം പ്രധാനമാണെന്ന് ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ സംസാരിക്കവെ അവർ പറഞ്ഞു.
എയ്ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരെ പോരാടുന്നതിനായുള്ള ഗ്ലോബൽ ഫണ്ടിലേക്കുള്ള കാനഡയുടെ വിഹിതത്തിൽ 17% കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി മാർക് കാർണി പ്രഖ്യാപിച്ചിരുന്നു. സഹായം വെട്ടിക്കുറയ്ക്കില്ലെന്ന കാർണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണിത്. എന്നാൽ വർദ്ധിച്ചുവരുന്ന അസമത്വം ലോകമെമ്പാടും അതൃപ്തി, അക്രമം, അസ്ഥിരത എന്നിവയ്ക്ക് കാരണമാകുമെന്ന് ബിയാനിമ മുന്നറിയിപ്പ് നൽകി. എന്നാൽ മറ്റുള്ളവർ വെട്ടിക്കുറച്ചപ്പോൾ ഫണ്ടിലേക്കുള്ള കാനഡയുടെ പങ്ക് വർദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാർണി ഈ നീക്കത്തെ ന്യായീകരിച്ചു. കാനഡയുടെ സംഭാവന, ആഫ്രിക്കയ്ക്ക് ഇപ്പോഴും പ്രധാനപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദും വ്യക്തമാക്കി. ലോക എയ്ഡ്‌സ് ദിനത്തിന് മുന്നോടിയായാണ് ഈ വെട്ടിക്കുറവ്. എച്ച്ഐവി ഇല്ലാതാക്കാൻ ഉപകരണങ്ങൾ നിലവിലുണ്ടെങ്കിലും ഫണ്ടിംഗിന് കുറവുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ദരിദ്ര രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നിർമ്മിക്കുന്നതിന് തടസ്സമുണ്ടാക്കുന്ന ആഗോള നിയമങ്ങൾ പരിഹരിക്കണമെന്ന് സാമ്പത്തിക വിദഗ്ധൻ ജയതി ഘോഷ് ആവശ്യപ്പെട്ടു.