വിദേശ ലൈസൻസുകൾ ന്യൂസിലൻഡ് ലൈസൻസുകളാക്കി മാറ്റാനായി വ്യാജ രേഖകൾ ഉപയോഗിച്ചതിന് ഇന്ത്യൻ വംശജരായ 459 ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ ന്യൂസിലൻഡ് അധികൃതർ റദ്ദാക്കി. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ന്യൂസിലൻഡ് ട്രാൻസ്പോർട്ട് ഏജൻസി (NZTA) ഹെവി വെഹിക്കിൾ ലൈസൻസുകൾ പരിശോധിക്കുന്ന നടപടികൾക്ക് ജൂലൈയിൽ തുടക്കമിട്ടിരുന്നു. ഇതാണ് ഇത്രയും പേരുടെ ലൈസൻസുകൾ റദ്ദാക്കുന്ന നടപടിയിൽ കലാശിച്ചത്.
ഇന്ത്യൻ ലൈസൻസുകൾ ഉപയോഗിച്ച് ന്യൂസിലൻ്റിൽ വാഹനം ഓടിക്കാനാവില്ല. അതിന് മുഴുവൻ ടെസ്റ്റുകളും പാസാകേണ്ടതുണ്ട്.ലൈസൻസ് നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം പേരും ന്യൂസിലൻഡിലെ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പാസായവരാണ്. എങ്കിലും വ്യാജ രേഖകൾ ഉപയോഗിച്ചതിനാനാണ് അവർക്ക് ലൈസൻസ് നഷ്ടമായത്. ലൈസൻസ് റദ്ദാക്കിയവരുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ചിലർക്ക് വാടക കൊടുക്കാനോ കുട്ടികൾക്ക് ഭക്ഷണം നൽകാനോ കഴിയുന്നില്ല. നീതി ആവശ്യപ്പെട്ട് നവംബർ 22-ന് ഓക്ക്‌ലൻഡിലെ തകാനിനി ഗുരുദ്വാരയിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു.
ട്രക്ക് കമ്പനികൾക്കും പുതിയ തീരുമാനം തിരിച്ചടിയായിട്ടുണ്ട്. നിലവിൽ 3,449 ഡ്രൈവർമാരുടെ കുറവുള്ള ഈ മേഖലയിൽ പുതിയ ഡ്രൈവർമാരെ കണ്ടെത്താൻ മാസങ്ങളെടുക്കുമെന്നാണ് ട്രക്ക് കമ്പനികൾ പറയുന്നത്. ന്യൂസിലൻഡിലെ ട്രക്ക് ഡ്രൈവർമാരിൽ 20 ശതമാനം പേരും ഇന്ത്യൻ കുടിയേറ്റക്കാരാണ്. നിലവിൽ ക്രിമിനൽ കേസുകൾ ഒന്നും എടുത്തിട്ടില്ലെങ്കിലും, തെറ്റായ വിവരങ്ങൾ നൽകിയതിന് 750 ന്യൂസിലൻ്റ് ഡോളർ വരെ പിഴ ചുമത്താനും സാധ്യതയുണ്ട്.