വെനസ്വേലന്‍ വ്യോമാതിര്‍ത്തി അടച്ചതായി ട്രംപ്

By: 600002 On: Dec 1, 2025, 9:37 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: വെനസ്വേലയുടെ മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും 'അടച്ചതായി' കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, ഈ നീക്കം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയില്ല.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സര്‍ക്കാരിന്മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം.

'എല്ലാ എയര്‍ലൈനുകള്‍ക്കും, പൈലറ്റുമാര്‍ക്കും, മയക്കുമരുന്ന് കടത്തുകാര്‍ക്കും, മനുഷ്യക്കടത്തുകാര്‍ക്കും, വെനസ്വേലയുടെ മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും അടച്ചതായി കണക്കാക്കുക,' എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഈ പ്രഖ്യാപനത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഇത് നടപ്പിലാക്കാന്‍ യുഎസ് സൈന്യം എന്തെങ്കിലും ഓപ്പറേഷന്‍ നടത്തുന്നുണ്ടോ എന്നതിനെക്കുറിച്ച് ബോധ്യമില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയെ വെനസ്വേലന്‍ സര്‍ക്കാര്‍ അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ 'കൊളോണിയല്‍ ഭീഷണി'യാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.

യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഅഅ) മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച ആറ് പ്രധാന അന്താരാഷ്ട്ര എയര്‍ലൈനുകളുടെ ഓപ്പറേറ്റിംഗ് അവകാശങ്ങള്‍ വെനസ്വേല അടുത്തിടെ റദ്ദാക്കിയിരുന്നു.

വെനസ്വേലയില്‍ മയക്കുമരുന്ന് കടത്ത് തടയാനായി കരമാര്‍ഗമുള്ള ഓപ്പറേഷനുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് ഈ ആഴ്ച ആദ്യം സൂചിപ്പിച്ചിരുന്നു.