കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ , കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് , മൂന്നുപേരെ രാജ്യത്ത് നിന്ന് പുറത്താക്കി. 78 പേർക്കെതിരെ അന്വേഷണം തുടരുകയാണ്. ബ്രിട്ടീഷ് കൊളംബിയയിൽ ദക്ഷിണേഷ്യൻ വംശജരായ വ്യവസായികളെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തി പണംതട്ടൽ വർധിച്ചതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടികൾ ഫലം കണ്ടു തുടങ്ങിയതിൻ്റെ സൂചനയാണിത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരെ കാനഡ അതിർത്തി സേന (CBSA) രാജ്യത്തുനിന്ന് പുറത്താക്കി.
നാടുകടത്തപ്പെട്ടവർ പിടിച്ചുപറി ശ്രമങ്ങളിലും സംഘടിത കുറ്റകൃത്യങ്ങളിലും പങ്കാളികളായിരുന്നു. കൂടാതെ, കാനഡയിൽ തുടരാൻ അർഹതയില്ലാത്തവരും ഈ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരുമായ 78 വിദേശ പൗരന്മാരെക്കുറിച്ച് കൂടി സി.ബി.എസ്.എ. കുടിയേറ്റ നിയമപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.സി.യിൽ നിരവധി വെടിവയ്പ്പുകൾക്കും ഭീഷണികൾക്കും ഇടയാക്കിയ അന്തർദ്ദേശീയ ക്രിമിനൽ സംഘങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കനേഡിയൻ പൗരന്മാരല്ലെങ്കിൽ അവരെ അറസ്റ്റ് ചെയ്യുകയും രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് ബി.സി. പൊതുസുരക്ഷാ മന്ത്രി നിന ക്രീഗർ വ്യക്തമാക്കി. കുടിയേറ്റ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവരെയും സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെയും എത്രയും വേഗം നാടുകടത്താനുള്ള നടപടികൾ തുടരുമെന്ന് സി.ബി.എസ്.എ. അറിയിച്ചു. ഈ പിടിച്ചുപറി ശ്രമങ്ങൾക്ക് പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിന് ബന്ധമുണ്ടെന്ന് കനേഡിയൻ അധികൃതർ സംശയിക്കുന്നുണ്ട്.