വിന്നിപെഗ് സ്കൂൾ അതിക്രമം: വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ലൈംഗിക കുറ്റവാളി അറസ്റ്റിൽ

By: 600110 On: Nov 29, 2025, 10:00 AM

 

 കാനഡയിലെ വിന്നിപെഗിലെ  എലിമെൻ്ററി സ്കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ  ഒരു ലൈംഗിക കുറ്റവാളി അറസ്റ്റിലായി.  സെൻ്റ് വൈറ്റലിലെ ഡാർവിൻ സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂളിൽ അതിക്രമിച്ചു കടന്ന പ്രതി,  വിദ്യാർത്ഥിയെ ബാത്ത്റൂമിനുള്ളിൽ വച്ച് കടന്ന് പിടിക്കാൻ  ശ്രമിക്കുകയായിരുന്നു.

സ്കൂളിൽ അതിക്രമിച്ച് കയറിയ ഇയാൾ ബാത്ത്റൂമിലെ സ്റ്റാളിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ റിപ്പോർട്ട് പറയുന്നത്. തുടർന്ന് പുറത്തുവന്ന വിദ്യാർത്ഥിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ കുട്ടി ശക്തമായി ചെറുത്തുനിന്ന് ഓടി രക്ഷപ്പെടുകയും ഉടൻ തന്നെ  അധ്യാപകനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം സ്കൂളിൽ 'ഹോൾഡ് ആൻഡ് സെക്യൂർ' സുരക്ഷാ പ്രോട്ടോക്കോൾ ഏർപ്പെടുത്തി. വിദ്യാർത്ഥിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിന്നിപെഗ് പോലീസ് സർവീസ് കോൺസ്റ്റബിൾ ഡാനി മക്കിന്നൻ സ്ഥിരീകരിച്ചു.

വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമിച്ചശേഷം സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ, ഒരു ദൃക്‌സാക്ഷി പിന്തുടർന്നു. തൊട്ടടുത്തുള്ള മാളിൻ്റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് മാൾ സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഈ ദൃക്‌സാക്ഷിയുടെ സമയബന്ധിതമായ ഇടപെടലിനെ പോലീസ് അഭിനന്ദിച്ചു. അറസ്റ്റിലായ 28 വയസ്സുകാരൻ്റെ പേരിൽ, ആക്രമണം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾക്ക് കൂടി  കേസെടുത്തിട്ടുണ്ട്. മുൻപ് ലൈംഗിക അതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.