കാനഡയിൽ വൈദ്യ സഹായത്തോടെയുള്ള മരണം തിരഞ്ഞെടുത്തവരിൽ കൂടുതൽ പേരും അർബുദം സ്ഥിരീകരിച്ചവർ

By: 600110 On: Nov 29, 2025, 9:52 AM

കാനഡയിൽ കഴിഞ്ഞ വർഷം വൈദ്യ സഹായത്തോടെയുള്ള മരണം അഥവാ 'മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിംഗ്'(MAID) തിരഞ്ഞെടുത്തവരിൽ കൂടുതൽ പേരും അർബുദ രോഗം സ്ഥിരീകരിച്ചവരായിരുന്നു എന്ന് റിപ്പോർട്ട്. കാനഡയുടെ ആരോഗ്യ വിഭാഗം (Health Canada) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഓരോ വർഷവും വൈദ്യ സഹായത്തോടെയുള്ള മരണങ്ങളുടെ എണ്ണം കൂടുന്നുണ്ട്..

2024-ൽ കാനഡയിൽ സംഭവിച്ച ആകെ മരണങ്ങളിൽ ഏകദേശം അഞ്ച് ശതമാനം വൈദ്യ സഹായത്തോടെയുള്ള മരണങ്ങളായിരുന്നു. MAID തിരഞ്ഞെടുത്തവരുടെ മീഡിയൻ ഏജ് 78 വയസ്സാണ്. 2024-ൽ MAID തിരഞ്ഞെടുത്ത ഭൂരിഭാഗം പേരെയും ഈ തീരുമാനത്തിലേക്ക് നയിച്ചത് അർബുദം പോലുള്ള ഗുരുതര രോഗങ്ങളായിരുന്നു. ആകെ രേഖപ്പെടുത്തിയ 16,499 വൈദ്യ സഹായത്തോടെയുള്ള മരണങ്ങളിൽ മിക്കതും, മരണത്തിലേക്കടുത്ത രോഗാവസ്ഥ ഉള്ളവരായിരുന്നു. മരണം പ്രതീക്ഷിക്കാത്തവരും അസഹനീയമായ വേദന അനുഭവിക്കുന്നവരുമായ രോഗികൾ വെറും 4.4 ശതമാനം മാത്രമായിരുന്നു. കനേഡിയൻ നിയമപ്രകാരം MAID-ന് അർഹതയുള്ളവരെ തിരഞ്ഞെടുക്കുന്നതിൽ എത്രത്തോളം ശ്രദ്ധയും പരിഗണനയും നൽകുന്നുണ്ടെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അന്തസ്സോടെയുള്ള മരണം, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ കണ്ടെത്തലുകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.