എണ്ണവിലയിലുണ്ടായ ഇടിവിനെയും വ്യാപാര പ്രശ്നങ്ങളെയും തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ആൽബർട്ട സർക്കാർ. കഴിഞ്ഞ വർഷം 8.3 ബില്യൺ ഡോളറിൻ്റെ മിച്ചമായിരുന്നു രേഖപ്പെടുത്തിയതെങ്കിൽ ഇപ്പോഴത് 6.5 ബില്യൺ ഡോളറിൻ്റെ കമ്മിയിലേക്ക് എത്തിയത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ ആണ് ചൂണ്ടിക്കാട്ടുന്നത്. പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായ 30% കുറവാണ് ഇതിന് പ്രധാന കാരണം.
വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയേറ്റ് (WTI) എണ്ണവില ശരാശരി ഒരു ബാരലിന് 61.50 യു.എസ്. ഡോളറായിരിക്കുമെന്നാണ് പ്രവിശ്യയുടെ ഇപ്പോഴത്തെ പ്രതീക്ഷ. നേരത്തെ 68 യു.എസ്. ഡോളർ ആയിരുന്നു. എണ്ണവിലയിൽ ഒരു ഡോളറിൻ്റെ കുറവുണ്ടായാൽ പോലും ആൽബർട്ടയുടെ ഖജനാവിന് 750 മില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടാകും. ആഗോള ഡിമാൻഡ് കുറയുന്നതാണ് ഇതിന് കാരണം. ചൈനയും യു.എസുമായുള്ള വ്യാപാര യുദ്ധങ്ങൾ കൃഷി, ഉൽപ്പാദനം, മരം കയറ്റുമതി എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ട്. അടുത്തിടെ ആൽബർട്ടയിലെ ജനസംഖ്യ അഞ്ച് ദശലക്ഷത്തിൽ എത്തിയതും അധിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ആകെ ചെലവ് 79 ബില്യൺ ഡോളറും വരുമാനം 73 ബില്യൺ ഡോളറുമായി നിശ്ചയിച്ചതോടെ ആൽബർട്ടയുടെ മൊത്തം കടം 82.9 ബില്യൺ ഡോളറായി ഉയരും. എന്നാൽ വെല്ലുവിളികൾക്കിടയിലും കുടുംബങ്ങൾക്കും സേവനങ്ങൾക്കുമുള്ള നിക്ഷേപം സർക്കാർ തുടരുമെന്ന് ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു.
അതിനിടെ പ്രവിശ്യ സർക്കാർ ഏറെ പ്രതീക്ഷ പുലർത്തുന്ന ബി.സി.യുടെ വടക്കൻ തീരത്തേക്കുള്ള എണ്ണ പൈപ്പ്‌ലൈൻ നിർമ്മാണത്തിനെതിരെ പ്രതിഷേധമുയരുന്നതും തിരിച്ചടിയാണ്. ഇതേക്കുറിച്ച പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്ന് കഴിഞ്ഞ ദിവസം കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ, തീരദേശത്തെ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുടെ പിന്തുണയില്ലാതെ തങ്ങളുടെ സർക്കാർ ഈ പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് ബി.സി. പ്രീമിയർ ഡേവിഡ് ഇബി വ്യക്തമാക്കിക്കഴിഞ്ഞു.