കനേഡിയൻ പൈപ്പ്‌ലൈൻ പദ്ധതിയിൽ കടുത്ത എതിർപ്പുമായി ബി.സി. സർക്കാർ. കാൽഗറിയിൽ ഒപ്പുവെച്ച ധാരണാപത്രം പദ്ധതിയെ 'ദേശീയ താൽപ്പര്യമുള്ള പദ്ധതിയായി' മാറ്റാൻ ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പു വച്ചിട്ടുള്ളതെങ്കിലും, ഈ പദ്ധതിയെ പിന്തുണച്ചു കൊണ്ട് തങ്ങളുടെ സർക്കാർ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് ബി.സി. പ്രീമിയർ ഡേവിഡ് ഇബി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലെക്ക് ബി.സി. സർക്കാരിനെ ക്ഷണിക്കാത്തതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാൻ പഠനം നടത്താനുള്ള കരാറിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്നാണ് ഒപ്പുവച്ചത്. ഇതിനെതിരെയാണ് ബിസി സർക്കാർ രംഗത്തെത്തിയത്. പദ്ധതി മുന്നോട്ട് പോകണമെങ്കിൽ തീരദേശത്തെ തദ്ദേശീയ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ പിന്തുണ കൂടിയേ തീരൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ തദ്ദേശീയ ഗ്രൂപ്പുകൾ പൈപ്പ്‌ലൈനിനെ എല്ലാ വിധത്തിലും എതിർക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്ക് സ്വകാര്യ നിക്ഷേപം ഇല്ലാത്തതിനാൽ നികുതിദായകരുടെ പണം (30 മുതൽ 40 ബില്യൺ ഡോളർ) ഉപയോഗിച്ച് മാത്രമേ ഇത് നിർമ്മിക്കാൻ കഴിയൂ. പൈപ്പ്‌ലൈൻ നിർമ്മിക്കുന്നതിന് ഒരു കമ്പനിയും താൽപ്പര്യം കാണിച്ചിട്ടില്ല. ഇത് കൊണ്ട് തന്നെ ഈ നിർദ്ദേശം അപ്രായോഗികമാണെന്നും ബ്രിട്ടീഷ് കൊളംബിയക്കാർക്ക് സാമ്പത്തികമായി പ്രയോജനകരമല്ലെന്നും അദ്ദേഹം വിലയിരുത്തി.