മഞ്ഞുവീഴ്ചയുണ്ടായതോടെ റോഡിൽ ഉപ്പിൻ്റെ ഉപയോഗം പുനരാരംഭിച്ചതിൽ ആശങ്കയുമായി കാൽഗറി നഗരവാസികൾ

By: 600110 On: Nov 28, 2025, 12:14 PM

 

മഞ്ഞുവീഴ്ചയുണ്ടായതോടെ റോഡിൽ ഉപ്പിൻ്റെ ഉപയോഗം പുനരാരംഭിച്ചതിൽ ആശങ്കയുമായി കാൽഗറി നഗരവാസികൾ. കഴിഞ്ഞ വർഷം സിറ്റിയിലെ ഏറ്റവും വലിയ ജലവിതരണ പൈപ്പ് പൊട്ടുന്നതിന് സോഡിയം ക്ലോറൈഡിൻ്റെ ഉപയോഗം കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതേ തുടർന്നാണ് മഞ്ഞുവീഴ്ചയെ നേരിടാൻ വീണ്ടും ഉപ്പ് വ്യാപകമായി ഉപയോഗിക്കുന്നതിൽ നഗരവാസികൾ ആശങ്ക രേഖപ്പെടുത്തിയത്.

2024 ജൂണിൽ ബെയർസ്പോ സൗത്ത് ഫീഡർ മെയിൻ പൊട്ടിയതിനെ തുടർന്ന് സിറ്റിയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പൈപ്പിന് ചുറ്റുമുള്ള സംരക്ഷിത മോർട്ടാറിലെ മൈക്രോക്രാക്കിംഗ് , സ്ട്രെസ്ഡ് കൊറോഷൻ ക്രാക്കിംഗ് എന്നിവ കാരണം കമ്പികൾ പൊട്ടിയത്, മണ്ണിലെ ഉയർന്ന ക്ലോറൈഡ് അളവ് മൂലമാണെന്ന് വ്യക്തമായിരുന്നു. ഇതിന് കാരണം, സോഡിയം ക്ലോറൈഡ് ഉപയോഗിച്ച് റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്..  ക്ലോറൈഡിന്റെ അളവ് മണ്ണിലും വെള്ളത്തിലും കൂടുന്നത് റോഡരികിലെ സസ്യജാലങ്ങൾക്കും ജലജീവികൾക്കും ഭീഷണിയുയർത്തുന്നു.

വിഷയത്തിൽ ഇടപെട്ട കാൽഗറി നഗരസഭ അധികൃതർ, റോഡ് സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ദോഷകരമാകാത്ത രീതിയിൽ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുമെന്ന് ഉറപ്പുനൽകി. ഉപ്പിൻ്റെ അമിത ഉപയോഗം തടയുന്നതിനായി കൂടുതൽ കാര്യക്ഷമമായ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താനും, ഉപ്പിൻ്റെ അളവ് കുറച്ചുകൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യകൾ അവലംബിക്കാനും നഗരം പദ്ധതിയിടുന്നുണ്ട്.  നിലവിൽ, ബെയർസ്പാവ് സൗത്ത് പോലുള്ള അതീവ പ്രാധാന്യമുള്ള നിർമ്മാണ സൈറ്റുകളിൽ ഉപ്പ് ഉപയോഗം നിരീക്ഷിക്കുമെന്നും, പാരിസ്ഥിതിക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.