റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. 23 ആമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുതിന്‍ എത്തുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ അമേരിക്ക പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും കൂടുതല്‍ അടുത്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
പുതിന്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ആതിഥേയം നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധങ്ങളിലെ പുരേഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പുതിന്റെ സന്ദര്‍ശനം ഗുണം ചെയ്യും. പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറാനും അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.