നോര്‍ത്ത് അമേരിക്കന്‍ സിഎസ്‌ഐ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ്: തീം പ്രകാശനം ചെയ്തു

By: 600002 On: Nov 28, 2025, 9:47 AM



 

പി പി ചെറിയാന്‍

ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് നോര്‍ത്ത് അമേരിക്കയിലെ 35-ാമത് സി.എസ്.ഐ. ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ (ജൂലൈ 2026) ഔദ്യോഗിക തീം 'ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചര്‍ച്ചില്‍' നടന്ന പ്രത്യേക ശുശ്രൂഷയില്‍ പ്രകാശനം ചെയ്തു. 'Grow and Bridge Generations in Christ' (ക്രിസ്തുവില്‍ തലമുറകളെ വളര്‍ത്തുക, ബന്ധിപ്പിക്കുക) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രധാന വിഷയം.

സി.എസ്.ഐ. മധ്യ കേരളാ ഡയോസിസ് ബിഷപ്പ് റൈറ്റ്. റെവ. ഡോ. സാബു കെ. ചെറിയാന്‍ പ്രസ്തുത ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് പ്രീസ്റ്റ് റവ. റോയ് എ. തോമസ്, സെന്റ് ലൂക്ക്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് പ്രീസ്റ്റ് റവ. ജോര്‍ജ് ജോസഫ്, ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചര്‍ച്ച് പാസ്റ്റര്‍ എമറിറ്റസ് റവ. ഡോ. മാധവരാജ് സാമുവേല്‍, സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് പ്രെസ്ബിറ്റര്‍-ഇന്‍-ചാര്‍ജ് റവ. റീജീവ് സുഗു എന്നിവര്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിഷപ്പ് ചെറിയാന്‍ തന്റെ പ്രസംഗത്തില്‍ തലമുറകള്‍ തമ്മിലുള്ള വിശ്വാസ ബന്ധങ്ങളെ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സഹവിശ്വാസത്തിന്റെ പ്രതീകമായി സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസിലെ അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

ബിഷപ്പും മറ്റ് സംഘാടകരും ചേര്‍ന്ന് തീം അടങ്ങിയ ബാനര്‍ അള്‍ത്താരയില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ബിഷപ്പ് ചെറിയാനെയും കൊച്ചമ്മയെയും ആദരിക്കുന്ന ചടങ്ങും നടന്നു.

യുവജനങ്ങളുടെയും കുടുംബങ്ങളുടെയും ആത്മീയ അടിത്തറ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ കോണ്‍ഫറന്‍സ് 20 വര്‍ഷത്തിനു ശേഷമാണ് ഡാളസില്‍ വെച്ച് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി:

വെബ്‌സൈറ്റ്: www.csinaconference.com