കാനഡയുടെ 2026-ലെ ഫെഡറൽ ആദായനികുതി നിരക്കുകൾ പ്രഖ്യാപിച്ചു

By: 600110 On: Nov 28, 2025, 9:27 AM

കാനഡയുടെ 2026-ലെ ഫെഡറൽ ആദായനികുതി നിരക്കുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മിക്ക കനേഡിയൻ പൗരന്മാർക്കും വരുമാന പരിധിയിൽ നേരിയ വർദ്ധനവുണ്ടാകും. നികുതി നിരക്കുകൾക്ക് മാറ്റമില്ലെങ്കിലും, ഓരോ ബ്രാക്കറ്റിലെയും വരുമാന പരിധികൾ പണപ്പെരുപ്പത്തിന് അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ ഫെഡറൽ നികുതി നിരക്ക് 14% ആണ്.  ഏകദേശം $58,500 വരെ വരുമാനം ഉള്ളവർക്കാണ് ഇത് ബാധകമാവുക.   $117,000 വരെയുള്ള വരുമാനത്തിന് 20.5% നിരക്കിൽ നികുതി ചുമത്തും. $117,000-നും $181,000-നും ഇടയിലുള്ള വരുമാനത്തിന് 26 ശതമാനവും $181,000 മുതൽ $258,000 വരെയുള്ളതിന് 29 ശതമാനവുമാണ് നികുതി. $258,000-ന് മുകളിലുള്ള ഏത് വരുമാനത്തിനും 33% നികുതി ചുമത്തും.

ജൂലൈ മാസത്തിൽ, കാനഡ ഏറ്റവും കുറഞ്ഞ വ്യക്തിഗത ആദായനികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറച്ചിരുന്നു. ഈ മാറ്റം 2026-ലെ നികുതി ബ്രാക്കറ്റുകളിൽ പ്രതിഫലിച്ചിട്ടുണ്ട്. മധ്യവർഗ്ഗക്കാരെ ഉദ്ദേശിച്ചാണ് ഈ നികുതിയിളവ് . ഇതനുസരിച്ച് 2026-ൽ കാനഡയിലെ ഓരോരുത്തർക്കും $420 വരെ നികുതിയിളവ് ലഭിക്കും.  2025/2026 നികുതി വർഷം മുതൽ ആരംഭിക്കുന്ന അഞ്ച് വർഷത്തിനിടെ കനേഡിയൻ പൗരന്മാർക്ക് $27 ബില്യൺ ഡോളറിലധികം നികുതിയിനത്തിൽ ലാഭമുണ്ടാക്കാൻ ഇത് വഴിയൊരുക്കും. കാനഡ റെവന്യൂ ഏജൻസിയുടെ (CRA) പണപ്പെരുപ്പ ക്രമീകരണം,  ജിഎസ്ടി ക്രെഡിറ്റ് , കാനഡ ചൈൽഡ് ബെനഫിറ്റ് , ചൈൽഡ് ഡിസെബിലിറ്റി ബെനഫിറ്റ് പോലുള്ള ആനുകൂല്യങ്ങളുടെ തുകയും വർദ്ധിപ്പിക്കും. ഈ വർദ്ധിച്ച ആനുകൂല്യങ്ങൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.