കാന്‍സറിന് സാധ്യതയുള്ള വിഷാംശം; ആയിരക്കണക്കിന് പാചക പാത്രങ്ങള്‍ തിരിച്ചുവിളിച്ച് എഫ്.ഡി.എ

By: 600002 On: Nov 28, 2025, 9:17 AM



 

പി പി ചെറിയാന്‍
 

വാഷിംഗ്ടണ്‍ ഡി.സി: കാന്‍സര്‍, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള രാസവസ്തുക്കളുടെ 'ശ്രദ്ധേയമായ' അളവിലുള്ള സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങള്‍ (cookware) അടിയന്തരമായി തിരിച്ചുവിളിക്കാന്‍ (Recall) ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) ഉത്തരവിട്ടു.

2025 സെപ്റ്റംബറിനും നവംബറിനും ഇടയില്‍ പല യു.എസ്. പലചരക്ക് കടകളിലായി വിറ്റ അലുമിനിയം, ബ്രാസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഇറക്കുമതി പാത്രങ്ങളിലാണ് സുരക്ഷാ ആശങ്കകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഈ പാചക പാത്രങ്ങളില്‍ അപകടകരമായ അളവില്‍ 'ഈയം' (Lead) അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു.

ഈയം ചേര്‍ന്ന പാത്രങ്ങളിലെ ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തില്‍ ഈയം എത്തുകയും ഇത് കുട്ടികളില്‍ പഠന വൈകല്യങ്ങള്‍, കുറഞ്ഞ IQ, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD), കൂടാതെ കാന്‍സര്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

Sonex, Silver Horse, Chef, Dolphin, Royal Kitchen, Tiger White തുടങ്ങി വിവിധ ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ് ഇവ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഇത്തരം ഉല്‍പ്പന്നങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഉടന്‍ തന്നെ കളയണമെന്ന് ഉപഭോക്താക്കള്‍ക്ക് FDA മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങളോ രോഗങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭക്ഷണവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉല്‍പ്പന്നങ്ങളില്‍ ഈയം ഉപയോഗിക്കുന്നത് FDA നിരോധിച്ചിട്ടുണ്ട്. 2026 ജനുവരി 1 മുതല്‍, അഞ്ച് പിപിഎമ്മില്‍ (ppm) കൂടുതല്‍ ഈയം അടങ്ങിയ പാചക പാത്രങ്ങളുടെ വില്‍പ്പനയും നിര്‍മ്മാണവും നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി വാഷിംഗ്ടണ്‍ മാറും.