ജോയ്സ് വര്‍ഗീസ് (കാനഡ)
563 BCE യില്‍ കോയില (Koyila) രാജാവ് സുപ്പബുദ്ധക്കു പിറന്ന മകള്‍. ആ രാജകുമാരിക്കു 'യശസ്സിനെ പരിരക്ഷിക്കുന്ന ' എന്നര്‍ത്ഥമുള്ള 'യശോധര ' എന്ന പേരു നല്‍കി.
പൗര്‍ണമി ചന്ദ്രികയെ വെല്ലുവിളിക്കുന്ന അവളുടെ സൗന്ദര്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. അവള്‍ക്ക് അനുയോജ്യനായ വരന്‍ കോസല രാജകുമാരനായ സിദ്ധാര്‍ഥന്‍ അല്ലാതെ മറ്റാരുമല്ലെന്നു പ്രബലരായ രണ്ടു രാജകുടുംബങ്ങളും തീരുമാനിച്ചു. ലുംബിയിലെ ശൈഖ (Shakya ) രാജവംശജനായ സിദ്ധാര്‍ഥന്‍ സുയോധന രാജാവിന്റെ മകനും കിരീടാവകാശിയുമായിരുന്നു.
കേവലം പതിനാറാം വയസ്സില്‍ അത്ര തന്നെ പ്രായമുള്ള രാജകുമാരന്റെ പത്നിയായി യശോധര. സുന്ദരനും മിതഭാഷിയുമായിരുന്ന സിദ്ധാര്‍ത്ഥ രാജകുമാരന്‍ ഭാര്യയെ സ്‌നേഹിച്ചിരുന്നു. പക്ഷെ പ്രായത്തില്‍ കവിഞ്ഞ ചിന്താധാരകളില്‍ മുഴുകിയിരുന്ന സിദ്ധാര്‍ഥന്‍ ലൗകിക സുഖങ്ങളില്‍ അതിയായ താല്‍പര്യം കാണിച്ചില്ല.
യശോധരയുടെ മേനിയില്‍ ആടയാഭരണങ്ങള്‍ ചാര്‍ത്തുന്ന തോഴിമാര്‍,
വ്യഥയില്‍ നുറുങ്ങുന്ന യശോധരയുടെ ഭാവങ്ങള്‍ കണ്ടു വ്യസനം പകുത്തു.
രാജകുമാരന്‍ യശോധരയോടൊപ്പം അറയില്‍ കൂടുതല്‍ സമയം ചിലവഴിക്കാത്തതെന്തെന്ന് കൊട്ടാരവാസികള്‍ അടക്കം പറഞ്ഞു. തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ ദുഃഖം വേട്ടയാടിക്കൊണ്ടിരുന്ന സിദ്ധാര്‍ഥന്റെ മനസ്സ് ഭാര്യയില്‍ നിന്നും അകന്നു തുടങ്ങിയിരുന്നു.
അയാളെക്കുറിച്ചുള്ള പ്രവചനം യാശോധരയുടെ മനസ്സിന്റെ കോണില്‍ കുരുക്കഴിയാത്ത സമസ്യയായി കെട്ടുപ്പിടഞ്ഞു.
' അയാള്‍ കൊട്ടാരത്തിലാണ് ജീവിക്കുന്നതെങ്കില്‍ ലോകം ഭരിക്കുന്നവനാകും. കൊട്ടാരത്തിനു പുറത്താണ് ജീവിക്കുന്നതെങ്കില്‍ ലോകം കണ്ടേക്കാവുന്ന ഏറ്റവും വലിയ ആത്മീയാചാര്യനാകും. '
പ്രവചനങ്ങളുടെ സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാന്‍ കഴിയാതെയവള്‍ മോഹഭംഗങ്ങളുടെ കടലാഴങ്ങളില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയിരുന്നു.
തങ്ങളുടെ ഇരുപത്തിയൊമ്പതാം വയസ്സില്‍ ജനിച്ച പുത്രന് രാഹുലയെന്ന് പേരു നല്‍കി. തൊട്ടിലില്‍ ഉറങ്ങുന്ന പൈതലിനെ അനുഗ്രഹിച്ചു, ശയ്യാഗൃഹത്തില്‍ ഉറങ്ങിക്കിടന്നിരുന്ന യശോധരയോട് യാത്രാമൊഴി ചൊല്ലാതെ സിദ്ധാര്‍ഥന്‍ കൊട്ടാരം വിട്ടിറങ്ങി. അവളോടു ഒരു വാക്കുപ്പോലും ഉരിയാടാതെ ഇറങ്ങിപ്പോയത്, അനേകരുടെ ദുഃഖത്തിന് അറുതി വരുത്തുവാനായിരിക്കും. എങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ഭാര്യയോടു ഒരു വാക്ക് പറയാതെ പോയത് എന്തുകൊണ്ടാണെന്ന് അവള്‍ കടലിലെ തിരകളേക്കാളധികം പ്രാവശ്യം ആലോചിച്ചുക്കൊണ്ടിരുന്നു.
വിവാഹശേഷം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുരുന്നിനു പിതാവിന്റെ ലാളന നഷ്ടപ്പെടുന്നതില്‍ അവളുടെ മനം നൊന്തു.
ഗയയില്‍ വെച്ചു ജ്ഞാനോദയം ലഭിച്ച സിദ്ധാര്‍ഥന്‍, ശ്രീ ബുദ്ധനായി. അനേകായിരം മനുഷ്യരുടെ ദുഃഖങ്ങള്‍ക്ക് ചെവിക്കൊടുത്തു. ലളിതമായ ജീവിതവും ഫലേച്ഛയില്ലാത്ത കര്‍മ്മവും അഹിംസയും ശ്രീ ബുദ്ധന്റെ പ്രഭാഷണങ്ങളില്‍ നിറഞ്ഞു. കരയും കടലും കടന്ന്
ശ്രീ ബുദ്ധന്റെ തത്വചിന്തകള്‍ പ്രചരിച്ചു.
നാശം വിതക്കുന്ന യുദ്ധവും അതുമൂലമുള്ള ചോരചിന്തലും കണ്ണീരും വേദനയും വൃഥാവിലെന്ന് പല രാജാക്കന്മാരും ശ്രീബുദ്ധനിലൂടെ തിരിച്ചറിഞ്ഞു.
മഹത്തായ സന്ദേശം, ലോകത്തിന് നല്‍കാന്‍ കഴിഞ്ഞെങ്കിലും അതു വിരഹം തളര്‍ത്തിയ യശോധരയുടെ കണ്ണീരിന്റെ വില കൂടിയായിരുന്നു. യശോധര, ഏതൊരു ഭാര്യയേയും പോലെ ഭര്‍ത്താവിന്റെ പരിലാളനം ആഗ്രഹിച്ചിരുന്നില്ലെ?
പാലി ലിപിയില്‍, സൂക്തങ്ങള്‍ കരിങ്കല്‍ സ്തൂപങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടു. അതിനിടയില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മനസും പതിയെ വികാരങ്ങളുറഞ്ഞ കരിങ്കല്ലായി മാറിയിരുന്നു.
സമ്പന്നരായ യശോധരയുടെ കുടുംബം, അവളോടു ഭര്‍തൃഗൃഹത്തില്‍ നിന്നും തിരിച്ചു വരാനും തങ്ങളോടൊപ്പം താമസിക്കാനും അപേക്ഷിച്ചു. എന്നാലവളത് സ്‌നേഹപൂര്‍വ്വം നിരസ്സിച്ചു.
സിദ്ധാര്‍ഥന്റെ ഓര്‍മ്മകളില്‍ ജീവിക്കാനുള്ള ആഗ്രഹമായിരുന്നോ അതോ തന്നെ ഒററയ്ക്കാക്കി പോയയാളോടുള്ള പകയായിരുന്നോ അവളെ ആ തീരുമാനമെടുപ്പിച്ചത് ?
പതിയെ യശോധരയും മകനും ബുദ്ധമതചിന്തകളാല്‍
ആകൃഷ്ടരായി. ദുഃഖത്തിനോടു
സന്ധിച്ചെയ്യുന്ന മാനസികാവസ്ഥയിലേക്കു യശോദരയും എത്തിച്ചേര്‍ന്നിരിക്കണം. നമ്മളിന്നതിനെ ട്രോമ ബോണ്ട് എന്നു വിശേഷിപ്പിക്കുന്നു.
കപിലവസ്തുവില്‍ ശ്രീ ബുദ്ധന്‍ വരുമെന്നറിഞ്ഞ മകന്‍ രാഹുല അദ്ദേഹത്തെ പോയി കാണണമെന്ന് ശാഠ്യം പിടിച്ചു. രാഹുലയ്ക്കു പോകാന്‍ അനുമതി നല്‍കിയ യശോധര തന്നെ വന്നു കാണാന്‍ പിതാവിനോടു അപേക്ഷിക്കണമെന്നു പറഞ്ഞു. ഒരിക്കലെങ്കിലും ജയിക്കണമെന്ന് യാശോധരക്കു തോന്നിയിരിക്കാം.
മകന്റെ ആവശ്യം അംഗീകരിച്ചു, ശ്രീ ബുദ്ധന്‍ യശോധരയെ കാണാനെത്തി. യശോധര കടന്നുപോകുന്ന വിരഹവും ദുഃഖവും ഭര്‍തൃപിതാവായ രാജാവ് സുയോധനന്‍ മകന്‍ സിദ്ധാര്‍ഥനെ പറഞ്ഞുകേള്‍പ്പിച്ചു.
മുജ്ജന്മങ്ങളിലെ പാപം അനുഭവിച്ചു തീര്‍ക്കുന്നതാണെന്നായിരുന്നു ശ്രീ ബുദ്ധന്റെ മറുപടി. തിരസ്‌ക്കരണത്തിനുള്ള ഉത്തരവും അവരുടെ വിശ്വാസവുമായിരുന്നു.
പിന്നീടു യശോധര ബുദ്ധഭിക്ഷുണിയായി ജീവിയ്ക്കാന്‍ തുടങ്ങി. രാജകീയ ഉടയാടകള്‍ അഴിച്ചുവെച്ചവള്‍ പീതവസ്ത്രധാരിയായി. നിറം മങ്ങിയ വസ്ത്രങ്ങള്‍ അവളുടെ മങ്ങിപ്പോയ മോഹങ്ങളുടെ അടയാളങ്ങളായി.
തന്റെ എഴുപത്തിയെട്ടാം വയസ്സില്‍ അവര്‍ നിര്‍വാണം പ്രാപിച്ചുവെന്ന് ചരിത്രം പറയുന്നു. പ്രപഞ്ചത്തിന്റെ അവസ്ഥയെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്ന 'അര്‍ഹത് ' എന്ന ഭിക്ഷുക്കളുടെ തുടക്കം അവരില്‍ നിന്നെന്നും പറയുന്നു.
പാപങ്ങള്‍ അനുഭവിച്ചു തീര്‍ന്നു, ആത്മാവിനെ സ്വതന്ത്രമാക്കുന്ന നിര്‍വാണം ഇനി അവര്‍ക്ക് പരിത്യക്തയുടെ ജന്മമെടുക്കേണ്ടി വരില്ലെന്ന്, ബുദ്ധമതവിശ്വാസം ഉറപ്പു തരുന്നു.
ചരിത്രം എഴുതുന്നത് വിജയികളുടേയും മഹാന്മാരുടേയും കഥകളാണ്. അതിനിടയില്‍ ചതഞ്ഞരഞ്ഞ സ്ത്രീ ജീവിതങ്ങള്‍ ആരും ഓര്‍ക്കാറില്ല.
യശോധരയും രാമായണത്തിലെ ഊര്‍മ്മിളയും രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീതയും വിജയികളുടെ പ്രഭയില്‍ വെറും നിഴലുകളായി ഭൂമിയില്‍ പതിയുന്നു.