വൈറ്റ് ഹൗസിനടുത്ത് വെടിവെപ്പ്: രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് ഗുരുതര പരിക്ക്

By: 600002 On: Nov 27, 2025, 11:44 AM

 

പി. പി. ചെറിയാന്‍

വാഷിങ്ടണ്‍ ഡി.സി: നോര്‍ത്ത് അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയില്‍ വൈറ്റ് ഹൗസിന് സമീപം നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് വിര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസി നല്‍കിയ വിവരമനുസരിച്ച്, ഇരുവരും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നവംബര്‍ 26, ബുധനാഴ്ച വൈറ്റ് ഹൗസില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെയാണ് ആക്രമണം നടന്നത്. ഇത് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്ന് വാഷിങ്ടണ്‍ മേയര്‍ മുറിയല്‍ ബൗസര്‍ അറിയിച്ചു.

വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണെന്ന് എഫ്.ബി.ഐ. ഡയറക്ടര്‍ കാഷ് പട്ടേലും മേയറും സ്ഥിരീകരിച്ചു.

പ്രതിയെന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികര്‍ ചേര്‍ന്ന് വെടിവെപ്പിന് ശേഷം പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഡി.സി. പോലീസ് ചീഫ് ജെഫ്രി കരോള്‍ പറഞ്ഞു.

ഫ്‌ലോറിഡയിലായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കൃത്യം ചെയ്തവര്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. സംഭവത്തെ തുടര്‍ന്ന് തലസ്ഥാനത്തേക്ക് 500 അധിക നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ കൂടി അയക്കാന്‍ ട്രംപ് ഉത്തരവിട്ടു.

നിലവില്‍ നഗരത്തില്‍ 2,200-ഓളം സൈനികരാണ് സംയുക്ത ദൗത്യ സേനയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്.