ഒൻ്റാരിയോയുടെ ഉത്പാദന മേഖല ദുർബലമാവുകയാണെന്ന് ബജറ്റ് നിരീക്ഷണ സമിതി

By: 600110 On: Nov 27, 2025, 10:15 AM

 

ഒൻ്റാരിയോയുടെ  ഉത്പാദന മേഖല ദുർബലമാവുകയാണെന്ന് ബജറ്റ് നിരീക്ഷണ സമിതി. ഒൻ്റാരിയോയെ ഒരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുമെന്ന് ഫോർഡ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യമായില്ലെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. ഒൻ്റാറിയോയുടെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 10% വരുന്ന ഉത്പാദന മേഖലയെ പാൻഡെമിക്, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, ഡിമാൻഡിലെ കുറവ്, യുഎസ് തീരൂവ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ബാധിച്ചതായാണ് റിപ്പോർട്ട്.

2023 പകുതി മുതൽ 2025 പകുതി വരെയുള്ള എട്ട് പാദങ്ങളിൽ ഏഴിലും ഉത്പാദന മേഖലയുടെ പ്രകടനം കുറഞ്ഞ് വരുന്നതായി ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി ഓഫീസർ പറയുന്നു. ഇതേ തുടർന്ന് 20,600ളം തൊഴിലവസരങ്ങൾ കുറയാൻ കാരണമായി. പ്രീമിയർ ഡഗ് ഫോർഡിൻ്റെ സർക്കാരിന് കീഴിൽ ഈ മേഖല കുതിച്ചുയരുകയാണെന്ന അഴകാശവാദങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രം. ഒൻ്റാരിയോ 70 ബില്യൺ ഡോളർ നിക്ഷേപം ആകർഷിച്ചെന്നും ഫ്ലോറിഡയിലും ന്യൂയോർക്കിലുമുള്ളതിനേക്കാൾ കൂടുതൽ ഉത്പാദന ജോലികൾ ഇവിടെയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.ന്നാൽ പാൻഡെമിക് കാലഘട്ടം ഒഴിവാക്കിയാൽ, യഥാർത്ഥ ഉത്പാദന പ്രവർത്തനങ്ങൾ 2015-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന് FAO പറയുന്നു. യു.എസ്. വ്യാപാര യുദ്ധമാണ് ഈ പ്രശ്‌നങ്ങൾക്ക് ഭാഗികമായി കാരണം.

എങ്കിലും, ഒൻ്റാരിയോ കോടിക്കണക്കിന് ഡോളറിൻ്റെ പുതിയ നിക്ഷേപം നേടിയിട്ടുമുണ്ട്. കഴിഞ്ഞ മാസം ഒൻ്റാറിയോ 55,000 പുതിയ തൊഴിലുകൾ കൂട്ടിച്ചേർത്തതായും അതിൽ 4,400 എണ്ണം ഉത്പാദന മേഖലയിലായിരുന്നെന്നും, കഴിഞ്ഞ നാല് മാസത്തിനിടെ 24,600 ഉത്പാദന ജോലികൾ വർധിച്ചതായും സാമ്പത്തിക വികസന മന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. 2000-ത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ ഉത്പാദന മേഖലയിൽ ജോലി ചെയ്തിരുന്നിതായാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ 2015-ൽ ഇത് 7,57,000 ജോലികൾ എന്ന ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് എത്തി. അതിനുശേഷം ഇത് കയറിയിറങ്ങി മുന്നോട്ടു പോവുകയാണ്. 2025 ഒക്ടോബറിലെ കണക്കനുസരിച്ച് ഏകദേശം 8,29,500 ഉത്പാദന ജോലികളാണ് നിലവിലുള്ളത്.