സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സിറ്റി കൗൺസിലിനോട് കൂടുതൽ പണം ആവശ്യപ്പെട്ട് കാൽഗറി പൊലീസ്

By: 600110 On: Nov 27, 2025, 10:05 AM

വരുമാനത്തിൽ കുറവ് വന്നതിനെത്തുടർന്ന് സിറ്റി കൗൺസിലിനോട് ധനസഹായം ആവശ്യപ്പെട്ട് കാൽഗറി പൊലീസ്. 49.4 മില്യൺ ഡോളറിൻ്റെ കുറവാണ് കാൽഗറി പൊലീസ് നേരിടുന്നത്. ഇതേ തുടർന്നാണ് ദശലക്ഷക്കണക്കിന് ഡോളർ കൂടുതൽ ആവശ്യപ്പെട്ടിരിക്കുന്നത്.

 

ഫോട്ടോ റഡാറുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് വരുമാനത്തെ ഏറ്റവുമധികം ബാധിച്ചത്. 28 മില്യൺ ഡോളറിൻ്റെ കുറവാണ് ഇതിലൂടെ ഉണ്ടായത്. ഈ കുറവ് റിസർവ് ഫണ്ടുകൾ ഉപയോഗിച്ച് നികത്താൻ സിറ്റി കൗൺസിൽ ഇതിനോടകം സമ്മതിച്ചിട്ടുണ്ട്. വീണ്ടും അധിക പണം ആവശ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാൻ ഭാവിയിലെ ബജറ്റുകളിൽ ഫോട്ടോ റഡാർ വരുമാനം കണക്കിൽ കൂട്ടാതിരിക്കണമെന്ന് പോലീസിൽ ആവശ്യമുയരുന്നുണ്ട്.

അതിനിടെ ഫോട്ടോ റഡാർ വരുമാനത്തെ ഒരു സ്ഥിര വരുമാനമായി നഗരങ്ങൾ ആശ്രയിക്കരുതെന്ന് മേയർ ജെറോമി ഫാർകാസ് പറഞ്ഞു. റോഡുകൾ സുരക്ഷിതമാക്കുന്നതിനായി അപകടകരമായ സ്ഥലങ്ങളിൽ മാത്രമേ ഫോട്ടോ റഡാർ ഉപയോഗിക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫോട്ടോ റഡാർ വരുമാനം വിശ്വസനീയമായൊരു വരുമാനമായി ഉപയോഗിക്കരുതെന്ന് ആൽബെർട്ട സർക്കാരും പറയുന്നുണ്ട്. പുതിയ വാഹനങ്ങൾ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, തുടങ്ങിയ ആവശ്യങ്ങൾക്കായി പോലീസിന് $21.4 മില്യൺ ഡോളർ കൂടി ആവശ്യമുണ്ട്. നഗരം വളരുന്നതിനനുസരിച്ച് വരും വർഷങ്ങളിൽ വലിയ ബജറ്റ് അനുവദിക്കണമെന്നും കാൽഗറി പോലീസ് ആവശ്യപ്പെടുന്നു. അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 660-ഓളം ഉദ്യോഗസ്ഥരെ കൂടുതലായി നിയമിക്കാനും പൊലീസ് പദ്ധതിയിടുന്നുണ്ട്.