കാനഡയിൽ പുതിയ കളർ കോഡഡ് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവുമായി സർക്കാർ

By: 600110 On: Nov 27, 2025, 9:09 AM

കാനഡയിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന രീതിയിൽ ഫെഡറൽ സർക്കാർ പുതിയ കളർ കോഡഡ് സംവിധാനം അവതരിപ്പിച്ചു. കാലാവസ്ഥാ പ്രവചനങ്ങളുടെ അപകടസാധ്യതയും പ്രത്യാഘാതങ്ങളും പൊതുജനങ്ങളിലേക്ക് കൂടുതൽ വ്യക്തമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) കളർ കോഡഡ് സംവിധാനം കൊണ്ടുവന്നത്. നിലവിൽ നൽകിയിരുന്ന 'വാച്ച്' (yellow) 'വാണിംഗ്' (red) എന്നീ രണ്ടുതരം അലേർട്ടുകൾക്ക് പകരമായി, പുതിയ കളർ കോഡഡ് സംവിധാനം പ്രാബല്യത്തിൽ വന്നു. ഇത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

പുതിയ കളർ കോഡഡ് സംവിധാനത്തിൽ  Yellow, Orange, Red എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഹ്രസ്വകാലത്തേക്ക് അപകടകരമായേക്കാവുന്ന കാലാവസ്ഥാ മാറ്റങ്ങൾക്കാണ് സാധാരണയായി യെല്ലോ അലേർട്ട് നൽകുക. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള, എന്നാൽ യെല്ലോ അലേർട്ടിനേക്കാൾ ഗുരുതരമായ സാഹചര്യങ്ങളിൽ ഓറഞ്ച് അലേർട്ടും, അപൂർവ്വവും, അപകടകരവും, ജീവന് ഭീഷണി ഉയർത്തുന്നതുമായ സാഹചര്യങ്ങൾ നേരിടുമ്പോൾ റെഡ് അലേർട്ടുമാണ് നൽകുന്നത്. ലോക കാലാവസ്ഥാ സംഘടന (WMO) ശുപാർശ ചെയ്യുന്ന ഈ രീതി യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും വിജയകരമായി ഉപയോഗിക്കുന്നുണ്ട്. കനേഡിയൻ ജനതയ്ക്കും കാലാവസ്ഥാ ഭീഷണികളെക്കുറിച്ച് കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും തയ്യാറെടുക്കാനും ഇതുവഴി ഉപകരിക്കും.