ഡാറ്റാ സെൻ്ററുകൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുമതിയുമായി ആൽബെർട്ട ബിൽ 8

By: 600110 On: Nov 26, 2025, 1:14 PM

ആൽബെർട്ടയിലെ ഊർജ്ജ-ഉപയോഗ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി പ്രവിശ്യാ സർക്കാർ. ഇതിൻ്റെ ഭാഗമായി അവതരിപ്പിച്ച ബിൽ 8 ഡാറ്റാ സെൻ്ററുകൾക്ക് അവരുടെ വൈദ്യുതി ആവശ്യം നിറവേറ്റാൻ സ്വന്തമായി ഊർജ്ജോത്പാദന മാർഗ്ഗങ്ങൾ കൊണ്ടുവരാനുള്ള അനുമതി നൽകുന്നതാണ്. ഡാറ്റാ സെൻ്ററുകൾക്കായുള്ള അപേക്ഷകൾ കൂടുന്നതിനെ തുടർന്ന് നിലവിലുള്ള വൈദ്യുതി ഗ്രിഡിന് അത് താങ്ങാനാവില്ലെന്ന ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് 'യൂട്ടിലിറ്റീസ് സ്റ്റാറ്റ്യൂട്ട്സ് അമൻഡ്‌മെന്റ് ആക്റ്റ്' എന്ന് പേരിട്ട ഈ ബിൽ അവതരിപ്പിച്ചത്.

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാറ്റാ സെൻ്ററുകൾക്ക് മുൻഗണന നൽകാനും, അതുവഴി പൊതു വൈദ്യുതി ഗ്രിഡിൻ്റെ വിശ്വാസ്യത നിലനിർത്താനും ഈ നിയമം ലക്ഷ്യമിടുന്നു. സംസ്ഥാനത്തേക്ക് സാമ്പത്തിക നിക്ഷേപം ആകർഷിക്കാനും ആൽബർട്ടയെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഡാറ്റാ സെൻ്റർ ഹബ്ബാക്കി മാറ്റാനുമുള്ള സർക്കാരിൻ്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്. ബിൽ 8 പ്രകാരം, 75 മെഗാവാട്ടോ അതിലധികമോ വൈദ്യുതി ഉപയോഗിക്കുന്ന ഡാറ്റാ സെൻ്ററുകളുടെ കമ്പ്യൂട്ടർ ഹാർഡ്‌വെയറുകൾക്ക് മേൽ ഒരു ലെവി  ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ട് ശതമാനവും, സ്വന്തമായി ഉത്പാദിപ്പിച്ചാലും ബാക്കപ്പിനായി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ശതമാനവും ലെവി നൽകേണ്ടിവരും. ഇത് ഡാറ്റാ സെൻ്ററുകളുടെ ഭാരം പൊതുനിരക്കുകളിലേക്ക് വരുന്നത് തടയാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം. നിലവിലെ വൈദ്യുതി വിപണിയിലെ നിയമങ്ങൾ പരിഷ്കരിക്കുന്നതിനും, ഹൈഡ്രജൻ ബ്ലെൻഡിംഗ് പൈലറ്റ് പ്രോജക്റ്റുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും, വൈദ്യുതി കൈമാറ്റ നയം മെച്ചപ്പെടുത്തുന്നതിനും ഈ ബിൽ സഹായകമാകും