ഓട്ടവയിൽ നടന്ന ഖാലിസ്ഥാൻ വാദികളുടെ റഫറണ്ടം തികഞ്ഞ പ്രഹസനമെന്നും ഈ വിഷയത്തിൽ കാനഡ പ്രതികരിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്. സമാധാനപരമായ പ്രതിഷേധങ്ങളോട് ഇന്ത്യക്ക് എതിർപ്പില്ലെങ്കിലും, ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയുടെ കാര്യങ്ങളിൽ കാനഡയുടെ ഇടപെടലായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
യഥാർത്ഥ റഫറണ്ടങ്ങൾ ഒരു പ്രത്യേക നടപടിക്രമം അനുസരിച്ചാണ് നടത്തേണ്ടതെന്നും, കാനഡയിലെ പൗരന്മാർ നടത്തുന്ന ഇത്തരം നടപടികൾ ഇന്ത്യയിൽ വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഖാലിസ്ഥാൻ ആവശ്യപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ പോലും പാർലമെൻ്റിൽ അംഗങ്ങളായിട്ടുണ്ടെന്നും, എന്നാൽ ഈ റഫറണ്ടത്തിൽ അക്രമങ്ങളെ മഹത്വവൽക്കരിക്കുന്ന ചിത്രങ്ങൾ ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ ചിത്രീകരിക്കുന്ന പോസ്റ്ററുകളും അക്രമാസക്തമായ ദൃശ്യങ്ങളും പ്രദർശിപ്പിക്കുന്നത് പ്രതിഷേധമല്ലെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ദിനേശ് പട്‌നായിക് മുന്നറിയിപ്പ് നൽകി.
ക്യൂബെക് വിഭജനവുമായി ബന്ധപ്പെട്ട് കാനഡയിൽ മുൻപ് നടന്ന റഫറണ്ടങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വിദേശരാജ്യം ക്യൂബെക്കിനെ ലക്ഷ്യമിട്ട് സമാനമായ ഒരു നടപടി നടത്തിയാൽ കാനഡ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കനേഡിയൻ ഇടപെടലായിട്ടാണ് ഇന്ത്യക്കാർ കാണുന്നതെന്നും ഇത് സംബന്ധിച്ച് കാനഡ ആഴത്തിൽ ചിന്തിക്കണമെന്നും ഹൈക്കമ്മീഷണർ പറഞ്ഞു