പുതിയൊരു എണ്ണ പൈപ്പ്‌ലൈൻ അടക്കം സുപ്രധാന ഊർജ്ജ ഉടമ്പടിയിൽ ഒപ്പിടാനൊരുങ്ങി കനേഡിയൻ സർക്കാരും ആൽബെർയും. ആൽബെർട്ടയിലെ ഓയിൽ സാൻഡ്‌സിനെ ബ്രിട്ടീഷ് കൊളംബിയൽ തീരത്തുള്ളൊരു ടെർമിനലുമായി ബന്ധിപ്പിക്കുന്നതാകും ഈ പുതിയ പൈപ്പ്‌ലൈൻ. വർഷങ്ങളായി ഈ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. പൈപ്പ്‌ലൈൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതിയ കരാറിലുണ്ടാകും.
കരാറുമായി ബന്ധപ്പെട്ട നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഊർജ്ജ മന്ത്രി ടിം ഹോഡ്ജ്‌സൺ അറിയിച്ചു. ബി.സി.യുടെ വടക്കൻ തീരങ്ങളിൽ എണ്ണ ടാങ്കറുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നൊരു ഫെഡറൽ നിയമമാണ് കരാറിന് പ്രധാന വെല്ലുവിളി. 12,500 മെട്രിക് ടണ്ണിലധികം അസംസ്കൃത എണ്ണ വഹിക്കുന്ന ടാങ്കറുകൾക്ക് വിലക്കേർപ്പെടുത്തുന്നതാണ് ഈ നിയമം. ഇത് നീക്കം ചെയ്യുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനത്തോട് അടുക്കുകയാണെന്ന് ഹോഡ്ജ്‌സൺ പറഞ്ഞു. ബി.സി.യിലൂടെയുള്ള ഏതൊരു പൈപ്പ്‌ലൈൻ പദ്ധതിക്കും ആ പ്രവിശ്യയുടെയും തദ്ദേശീയ ജനതയുടെയും അനുമതി നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടാങ്കർ നിരോധനം നിലനിർത്തണമെന്നാണ് ബി.സി. പ്രീമിയർ ഡേവിഡ് ഇബി ആവശ്യപ്പെടുന്നത്. പ്രവിശ്യയിലെ ബിസിനസ് സംബന്ധമായ എല്ലാ ചർച്ചകളിലും ബി.സി.യെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫെഡറൽ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.