കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് തിങ്കളാഴ്ച കാൽഗറിയിലെ ജനജീവിതം സ്തംഭിച്ചു. റെക്കോഡ് മഞ്ഞുവീഴ്ചയാണ് ഇത്തവണ നഗരത്തിൽ അനുഭവപ്പെട്ടത്. നവംബർ 24-ന് 10.2 സെൻ്റിമീറ്റർ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. 2001-ലെ 9.2 സെൻ്റിമീറ്റർ മഞ്ഞുവീഴ്ചയുടെ റെക്കോർഡാണ് ഇതിലൂടെ തകർന്നത്.
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പല തോതിലാണ് മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ ഏഴ് സെൻ്റീമീറ്റർ മുതൽ 18 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. അയൽപ്രദേശങ്ങളായ കോക്രെയിനിൽ 15 സെൻ്റിമീറ്ററും എയർഡ്രിയിൽ 10 മുതൽ 13 സെൻ്റിമീറ്റർ വരെയും മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. അപ്രതീക്ഷിത മഞ്ഞുവീഴ്ച റോഡുകളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ഏകദേശം 500 അപകടങ്ങളാണ് പലയിടങ്ങളിലായി ഉണ്ടായത്. ഇതിൽ 36 പേർക്ക് പരിക്കേറ്റു. 75-ൽ അധികം ഹിറ്റ് ആൻ്റ് റൺ അപകടങ്ങളും ഉണ്ടായെങ്കിലും അതിലാർക്കും പരിക്കേറ്റിട്ടില്ല.
തണുപ്പുള്ള കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മഞ്ഞ് കുറച്ച് ദിവസത്തേക്ക് കൂടി തുടരാനാണ് സാധ്യത. ബുധനാഴ്ച രാവിലെ −14∘C തണുപ്പ് അനുഭവപ്പെടും, ഉച്ചയ്ക്ക് −6∘C വരെ താപനില ഉയരും. വ്യാഴാഴ്ച വീണ്ടും നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. വാരാന്ത്യത്തോടെ താപനില ഉയരും. വെള്ളിയാഴ്ച −8∘C, ശനിയാഴ്ച −6∘C, ഞായറാഴ്ച 5∘C എന്നിങ്ങനെയാണ് കൂടിയ താപനില പ്രവചിക്കുന്നത്. ഡിസംബർ ഒന്നിന് മഞ്ഞുരുകുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.