'ബൈഹാർട്ട് ഹോൾ ന്യൂട്രീഷൻ ഇൻഫൻ്റ് ഫോർമുല' കുട്ടികൾക്ക് കൊടുക്കരുതെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). അമേരിക്കയിൽ ഇൻഫെൻ്റ് ബോട്ടുലിസം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് ഇത്. ഇത് കഴിച്ച 31 ശിശുക്കളെയാണ് യു.എസിലെ 15 സംസ്ഥാനങ്ങളിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാനഡയിൽ ഇതുമായി ബന്ധപ്പെട്ട് ഇൻഫെൻ്റ് ബോട്ടുലിസം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ബൈഹാർട്ട് ഫോർമുല ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് കനേഡിയൻ അധികൃതർ അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് യുഎസിൽ തുറക്കാത്ത കാനുകൾ സ്വതന്ത്ര പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനകളിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ കണ്ടെത്തി. രണ്ട് ബാച്ചുകളിൽപ്പെട്ട ഉൽപ്പന്നങ്ങളായിരുന്നു ആദ്യം പിൻവലിച്ചത്. എന്നാൽ പിന്നീട് എല്ലാ ബൈഹാർട്ട് ഇൻഫൻ്റ് ഫോർമുല ഉൽപ്പന്നങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. എങ്കിലും, യു.എസ്.സിലെ നിരവധി സംസ്ഥാനങ്ങളിലെ കടകളിൽ ചില കാനുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.