വടക്കുകിഴക്കന്‍ ഇന്ത്യയിലുള്ള 5800 ജൂതരെ ഇസ്രയേലിലേക്ക് കൊണ്ടുപോകുന്നതിനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2030 ഓടെ ഇവരെയെല്ലാം ഇസ്രയേലില്‍ കൊണ്ടുപോയി പാര്‍പ്പിക്കുകയാണ് ലക്ഷ്യം. 1200 പേരെ അടുത്തവര്‍ഷം തന്നെ കൊണ്ടുപോകും.
ജൂയിഷ് ഏജന്‍സി ഫോര്‍ ഇസ്രയേലാണ് 'ബെനി മനാഷേ' എന്നറിയപ്പെടുന്ന ഈ ജൂത സമൂഹത്തിന്റെ ഇസ്രയേലിലേക്കുള്ള കുടിയേറ്റത്തിന് മുന്‍കൈയെടുക്കുന്നത്. ഇവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനക്കൂലി, പരിവര്‍ത്തന ക്ലാസുകള്‍, താമസസൗകര്യം, ഹീബ്രുഭാഷാ പഠനം, പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി ഒന്‍പത് കോടി ഷെക്കലിന്റെ പ്രത്യേക പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി ഒഫിര്‍ സൊഫര്‍ വിഷയം അവതരിപ്പിച്ചു.