പോളാർ വോർട്ടെക്സ് നേരത്തെ എത്താൻ സാധ്യത: കാനഡയിൽ അതിശൈത്യ  മുന്നറിയിപ്പ്

By: 600110 On: Nov 25, 2025, 1:06 PM

കാനഡയിലെ ജനങ്ങൾ കഠിനമായ ശൈത്യകാലത്തിന് നേരത്തേ തയ്യാറെടുക്കണമെന്ന് 
 കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ആർട്ടിക് പ്രദേശത്തെ അതിശീതക്കാറ്റായ പോളാർ വോർട്ടെക്സ്  സാധാരണയേക്കാൾ നേരത്തെ തന്നെ കാനഡയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  ഇതേ തുടർന്ന് രാജ്യത്തിൻ്റെ പടിഞ്ഞാറൻ, മധ്യഭാഗങ്ങളിൽ താപനില ശരാശരിയേക്കാൾ വളരെ താഴ്ന്ന നിലയിലേക്കെത്തും.

ഡിസംബർ ആദ്യവാരത്തിൽ കാനഡയിലെ പല പ്രവിശ്യകളിലും കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ ഈ പ്രതിഭാസം കാരണമായേക്കും. കാഴ്ചക്കുറവും യാത്രാതടസ്സങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. അടുത്തിടെ സംഭവിച്ച അപൂർവമായ 'സഡൻ സ്ട്രാറ്റോസ്ഫെറിക് വാമിംഗ്'  എന്ന പ്രതിഭാസമാണ് ഈ കാറ്റ് ദുർബലമാവാനും, അതിൻ്റെ ഭാഗങ്ങൾ നോർത്തേൺ ദിശയിലേക്ക് നീങ്ങാനും കാരണമാകുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സമാനമായ കാലാവസ്ഥാ പാറ്റേണുകൾ വിശകലനം ചെയ്യുമ്പോൾ, കാനഡയിൽ ഇത്തവണ സാധാരണയേക്കാൾ തണുപ്പുള്ള ഒരു ഡിസംബർ ആയിരിക്കും എന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ, അതിശൈത്യത്തെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.