ഗോസ്റ്റ് ബ്രോക്കർ ഇൻഷുറൻസ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP). അടുത്തിടെ പൊനോക്കയിൽ നടന്നൊരു വാഹനാപകടത്തിൽ, ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു ഡ്രൈവർ കബളിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ ഈ ജാഗ്രത നിർദ്ദേശം നൽകിയത്. ഈ വ്യക്തി പോലീസിന് നൽകിയ 'ഓൾ കവേർഡ് കാനഡ' (All Covered Canada) എന്ന കമ്പനിയുടെ ഇൻഷുറൻസ് രേഖകൾ വ്യാജമാണെന്നും അങ്ങനെയൊരു സ്ഥാപനം നിലവിലില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഇൻഷുറൻസ് ഏജൻ്റുമാരായി ചമഞ്ഞ്, വ്യാജ പോളിസികൾ ഉപഭോക്താക്കൾക്ക് വിൽക്കുന്ന തട്ടിപ്പുകാരാണ് 'ഗോസ്റ്റ് ബ്രോക്കർമാർ'. ക്ലെയിമിനായി ശ്രമിക്കുമ്പോഴോ ഇൻഷുറൻസ് രേഖകൾ ഹാജരാക്കേണ്ടി വരുമ്പോഴോ മാത്രമാണ് പലപ്പോഴും തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇരകൾ തിരിച്ചറിയുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ, വിശ്വസിക്കാൻ കഴിയാത്തവിധം കുറഞ്ഞ പ്രീമിയം വാഗ്ദാനം ചെയ്യുന്നവരും, സ്വന്തമായി ഓഫീസ് ഇല്ലാത്തവരും, ഫൈൻഡേഴ്സ് ഫീ' എന്ന പേരിൽ പണം ആവശ്യപ്പെടുന്നവരും ആയ ഏജൻ്റുമാരെ സൂക്ഷിക്കണമെന്ന് RCMP അറിയിച്ചു.
ലൈസൻസുള്ളതും യോഗ്യതയുള്ളതുമായ ഇൻഷുറൻസ് പ്രൊഫഷണലുകളുമായി മാത്രം ഇടപാട് നടത്തുകയാണ് സുരക്ഷിതം. വിശ്വസനീയമായ ബ്രോക്കർമാർ വഴിയോ ഏജന്റുമാർ വഴിയോ മാത്രം പോളിസി എടുക്കുക. കൂടാതെ ആൽബെർട്ട ഇൻഷുറൻസ് കൗൺസിൽ പോലുള്ള പ്രവിശ്യയിലെ റെഗുലേറ്ററി ബോഡിയിൽ നിന്ന് ബ്രോക്കറുടെ ലൈസൻസ് സ്റ്റാറ്റസ് സ്ഥിരീകരിക്കുക എന്നിവയാണ് പോലീസ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ. തട്ടിപ്പിന് ഇരയായവർ ഉടൻ തന്നെ പ്രാദേശിക പോലീസിലോ ക്രൈം സ്റ്റോപ്പേഴ്സിലോ വിവരമറിയിക്കണം എന്നും പോലീസ് ആവശ്യപ്പെടുന്നു.