വെള്ളമെന്ന് കരുതി കറിയില്‍ ഒഴിച്ചത് ആസിഡ്; പശ്ചിമ ബംഗാളില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ 

By: 600002 On: Nov 25, 2025, 11:40 AM

 


പശ്ചിമ ബംഗാളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കറിയില്‍ വെള്ളമെന്ന് കരുതി വീട്ടമ്മ ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ഒരു കുടംബത്തിലെ ആറ് പേര്‍ ഗുരുതരാവസ്ഥയിലായി. വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഘടാലില്‍ നിന്നുള്ള വെള്ളി ആഭരണപണിക്കാരനായ സന്തുവിന്റെ കുടുംബത്തിലുള്ളവരാണ് ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചത്. ഘടാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായതിനാല്‍ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

വെള്ളി ആഭരണപണിയായതിനാല്‍ വീട്ടില്‍ ആസിഡ് സൂക്ഷിക്കാറുണ്ട്. ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ഉണ്ടാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡും വെള്ളവും സൂക്ഷിക്കുന്ന കാനുകള്‍ ഒരേ പോലെയായതിനാലാണ് അബദ്ധം സംഭവിച്ചതെന്ന് പറയുന്നു. ഉച്ചഭക്ഷണം കഴിച്ചയുടനെ കുടുംബത്തിലെ ആറ് പേരും അവശനിലയിലാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആസിഡ് പോലുള്ള അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗ്രാമവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.