സുരക്ഷാഭീഷണി; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു

By: 600002 On: Nov 25, 2025, 10:59 AM

 

 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായി ഈ വര്‍ഷാവസാനം നിശ്ചയിച്ചിരുന്ന യാത്രയാണ് സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് മാറ്റിയത്. ഡെല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിന് സമയം നിശ്ചയിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നെതന്യാഹു തന്റെ സന്ദര്‍ശനം റദ്ദാക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലും തെരഞ്ഞെടുപ്പ് നടപടികള്‍ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. പിന്നീട് ഈ വര്‍ഷം അവസാനം സന്ദര്‍ശനത്തിനെത്തുമെന്നായിരുന്നു തീരുമാനം. ഈ നീക്കമാണ് ഡെല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് മാറ്റിവെച്ചത്.