ബ്രാംപ്ടണിൽ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. മൂന്ന് സ്ത്രീകളും നവജാതശിശു ഉൾപ്പടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. നവംബർ 20-ന് അതിരാവിലെ ബനാസ് വേയിലെ ഒരു വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോഴേയ്ക്കും തീ പൂർണ്ണമായും പടർന്ന് പിടിച്ചിരുന്നു.
അൻപത് വയസ്സിലേറെ പ്രായമുള്ളൊരു സ്ത്രീയും 27 വയസ്സുള്ള യുവതിയും ഉൾപ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങളാണ് വീടിനകത്ത് നിന്ന് ആദ്യം കണ്ടെത്തിയത്. അടുത്ത ദിവസങ്ങളിൽ, തിരച്ചിൽ സംഘങ്ങൾ 29 വയസ്സുള്ള അമ്മയുടെയും അവരുടെ രണ്ട് വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട ഗർഭിണിയായ സ്ത്രീക്ക് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത നവജാതശിശുവാണ് പിന്നീട് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റ് നാലു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. സുഖം പ്രാപിച്ചുവരുന്ന അഞ്ച് വയസ്സുള്ള ഒരു കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. ആദ്യം കാണാതായ ഒരാളെ പിന്നീട് സുരക്ഷിതനായി കണ്ടെത്തി. തീപിടിത്തം ഉണ്ടാകുമ്പോൾ അദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
തീ മനഃപൂർവം വെച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. വീട്ടിൽ ഫയർ അലാമുകൾ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ അവ ശരിയായി പ്രവർത്തിച്ചിരുന്നോ എന്ന് ഇതുവരെ വ്യക്തമല്ല. വീട് ഇപ്പോൾ അധികൃതർ പൊളിച്ചുനീക്കി.