എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ആശങ്കകള്‍ ഇന്ത്യയില്‍ നിന്നും അകലുന്നു

By: 600002 On: Nov 25, 2025, 10:05 AM

 


എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ആശങ്കകള്‍ ഇന്ത്യയില്‍ നിന്നും അകലുന്നു. ചാര മേഘങ്ങള്‍ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് എത്തിയതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലെവായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ചാര മേഘങ്ങള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആശ്വാസ വാര്‍ത്ത വന്നിരിക്കുന്നത്.

12,000 വര്‍ഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലൂടെ വടക്കന്‍ അറബിക്കടലിലേക്ക് വ്യാപിക്കുകയായിരുന്നു. ഈ ചാരമേഘത്തിന്റെ കട്ടിയുള്ള ഭാഗങ്ങള്‍ രാജസ്ഥാനിലൂടെ ഇന്ത്യയില്‍ എത്തി. ഡല്‍ഹി, ഹരിയാന,പഞ്ചാബ്, യു പി എന്നിവിടങ്ങളില്‍ പടര്‍ന്നു. അഗ്നിപര്‍വ്വത ചാരം വിമാന എന്‍ജിനുകള്‍ക്ക് ഗുരുതരമായ തകരാറുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.