ജലക്ഷാമം നേരിടാൻ പുതിയ  പദ്ധതി നടപ്പിലാക്കാനൊരുങ്ങി കാൽഗറി സിറ്റി കൌൺസിൽ

By: 600110 On: Nov 25, 2025, 9:56 AM

നഗരത്തിലെ ജല ലഭ്യതയും ഉപഭോഗവും സന്തുലിതമാക്കുന്നതിൻ്റെ ഭാഗമായി പുതിയ വാട്ടർ എഫിഷ്യൻസി പ്ലാൻ കൊണ്ടുവരാനൊരുങ്ങി കാൽഗറി സിറ്റി കൗൺസിൽ. ഉയരുന്ന ജനസംഖ്യ, കാലാവസ്ഥാ വ്യതിയാനം എന്നിവ കണക്കിലെടുത്താണ് ഇത്.  2005-ൽ ആരംഭിച്ച 30 വർഷത്തെ പദ്ധതി, നിശ്ചയിച്ചതിലും പത്ത് വർഷം മുൻപെ  ലക്ഷ്യം കൈവരിക്കുകയും വൻ വിജയവുമായി. അതിൻ്റെ തുടർച്ചയായി, ഭാവിയിലെ ജലസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങൾ രൂപപ്പെടുത്തുന്നത്.

നഗരവാസികൾക്ക് ആവശ്യമായ ശുദ്ധജലം സുരക്ഷിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, പുതിയ ലക്ഷ്യങ്ങളും, നിയമങ്ങളും, വിവിധ പദ്ധതികളും പുതിയ പ്ലാനിൽ ഉൾപ്പെടുത്തും. ഇതിൻ്റെ ഭാഗമായി ജലനഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികളിലും വ്യാവസായിക-വാണിജ്യ മേഖലകളിലെ ജല ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക പരിപാടികളിലും  ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പദ്ധതിയുടെ രൂപീകരണത്തിനായി നഗരം ഇപ്പോൾ പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടുകയാണ്. നവംബർ 17 മുതൽ ഡിസംബർ 7 വരെ ഓൺലൈൻ സർവേയിലൂടെയും മറ്റ് പൊതു ഇടപെടലുകളിലൂടെയും കാൽഗറിയിലെ പൗരന്മാർക്കും ബിസിനസ്സുകൾക്കും അവരുടെ നിർദ്ദേശങ്ങൾ അറിയിക്കാം.

കുറഞ്ഞ ചിലവിലോ സൗജന്യമായോ നടപ്പാക്കാവുന്ന ജല സംരക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കൽ, ജലനിരക്കിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഉയർന്ന നിരക്ക് ഈടാക്കാനുള്ള സാധ്യത (Tiered Billing), പുറത്ത് വെള്ളം ഉപയോഗിക്കുന്നതിന് സ്ഥിരമായ സമയക്രമം (Permanent Outdoor Watering Schedule) ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ എന്നിവയാണ് പരിഗണനയിലുള്ള പ്രധാന കാര്യങ്ങൾ. ഈ മാറ്റങ്ങൾ, കാൽഗറിയിലെ ജനങ്ങളെയും വ്യവസായങ്ങളെയും കൂടുതൽ കാര്യക്ഷമമായി വെള്ളം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും, നഗരത്തിൻ്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ സുസ്ഥിരതയ്ക്ക് അടിത്തറയിടുകയും ചെയ്യും.