മുസ്ലീം ബ്രദർഹുഡിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാൻ യു.എസ്; കാനഡയിലും ഇതിനായി സമ്മർദ്ദം ഏറുന്നു

By: 600110 On: Nov 25, 2025, 8:46 AM

മുസ്ലീം ബ്രദർഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ യുഎസ് പദ്ധതിയിടുന്നതിനിടെ, കാനഡയും ഇതേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആരോഗ്യസംരക്ഷണം, ധനകാര്യം, തുടങ്ങിയ മേഖലകളെ നിശ്ശബ്ദമായി സ്വാധീനിച്ചുകൊണ്ട് മുസ്ലീം ബ്രദർഹുഡ് പതിറ്റാണ്ടുകളായി കാനഡയിൽ സജീവമാണെന്നാണ് വിദഗ്ധർ പറയുന്നത്.  തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവർ കാനഡയെ ഒരു താവളമായി ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. അതിനാൽ ഈ ഭീഷണിയെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ കാനഡയും പങ്കുചേരണമെന്നും നിശ്ശബ്ദമായിരിക്കരുതെന്നുമാണ് ആവശ്യം ഉയരുന്നത്. രാജ്യത്തിൻ്റെ സുരക്ഷയും മൂല്യങ്ങളും സംരക്ഷിക്കാൻ കാനഡ ഇപ്പോൾ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ഞായറാഴ്ചയാണ് മുസ്ലിം ബ്രദർഹുഡിനെ ഒരു തീവ്രവാദ സംഘടനയായി മുദ്രകുത്തുമെന്ന് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. കാനഡയുടെ സുരക്ഷയ്ക്ക് മുസ്ലിം ബ്രദർഹുഡ് ഗുരുതരമായ ഭീഷണിയാണെന്ന്  ഗ്ലോബൽ ഇമാംസ് കൗൺസിൽ തലവൻ ഇമാം മുഹമ്മദ് തവ്ഹിദിയും മുന്നറിയിപ്പ് നൽകി. ഈ ഗ്രൂപ്പിന് വലിയ സ്വാധീനമുണ്ടെന്നും സമൂഹത്തിൻ്റെ പല മേഖലകളെയും സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തവ്ഹിദിയുടെ വാക്കുകളെ മുൻ കനേഡിയൻ നീതിന്യായ മന്ത്രി ഇർവിൻ കോട്ലറും പിന്തുണച്ചു. ഓസ്ട്രിയ, ഈജിപ്ത്, സൗദി അറേബ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഈ ഗ്രൂപ്പിനെ നിരോധിച്ചിട്ടുണ്ട്.

1928-ൽ ഹസ്സൻ അൽ-ബന്ന ഈജിപ്തിൽ സ്ഥാപിച്ച മുസ്ലീം ബ്രദർഹുഡ് അറബ് ലോകത്തെ രാഷ്ട്രീയത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഈജിപ്തിൽ പലതവണ ഇത് നിരോധിക്കപ്പെട്ടിട്ടുണ്ട്, ബ്രദർഹുഡുമായി ബന്ധമുള്ള പ്രസിഡൻ്റ് മുഹമ്മദ് മുർസിയെ അധികാരത്തിൽ നിന്ന് നീക്കിയതിനെത്തുടർന്ന് 2013-ലാണ് ഏറ്റവും ഒടുവിൽ നിരോധനം ഏർപ്പെടുത്തിയത്.