പി പി ചെറിയാന്‍
വെറോ ബീച്ച് (ഫ്‌ളോറിഡ): കഴിഞ്ഞ ആഴ്ച ഫ്‌ലോറിഡയില്‍ ഒരു ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്കുധാരി ഏറ്റുമുട്ടലില്‍ ഉണ്ടായ പരിക്കുകള്‍ കാരണം ശനിയാഴ്ച മരണപ്പെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച, വെറോ ബീച്ചിനടുത്ത് മൈക്കിള്‍ ഹാല്‍ബെര്‍സ്റ്റാം (37) താമസിച്ചിരുന്ന വീട്ടില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കാനെത്തിയ ഇന്ത്യന്‍ റിവര്‍ കൗണ്ടി ഡെപ്യൂട്ടിമാരെയും ഒരു ലോക്ക്‌സ്മിത്തിനെയും വെടിവെക്കുകയായിരുന്നു. ഹാല്‍ബെര്‍സ്റ്റാമിന്റെ അമ്മയാണ് മകനെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്.
ആക്രമണത്തില്‍ ഡെപ്യൂട്ടി ടെറി സ്വീറ്റിംഗ്-മാഷ്‌കോ കൊല്ലപ്പെട്ടു. മറ്റൊരു ഡെപ്യൂട്ടി തോളില്‍ പരിക്കേറ്റ് ചികിത്സയിലാണ്. വെടിയേറ്റ ലോക്ക്‌സ്മിത്ത് ഗുരുതരാവസ്ഥയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഹാല്‍ബെര്‍സ്റ്റാമിന് നിരവധി വെടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ഇയാള്‍ പരിക്കുകള്‍ കാരണം മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഹാല്‍ബെര്‍സ്റ്റാമിനെക്കുറിച്ച് അമ്മയുടെ ഭാഗത്തുനിന്ന് ഷെരീഫ് ഓഫീസില്‍ ഏഴ് തവണ വിളിച്ചറിയിച്ചിരുന്നതായി ഇന്ത്യന്‍ റിവര്‍ കൗണ്ടി ഷെരീഫ് എറിക് ഫ്‌ലവേഴ്‌സ് വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നിരുന്നാലും, ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കാന്‍ പോകുമ്പോള്‍ ഇത്തരമൊരു ആക്രമണം ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചിരുന്നില്ല.
25 വര്‍ഷത്തെ സേവന പരിചയമുള്ള ഡെപ്യൂട്ടിയായിരുന്നു സ്വീറ്റിംഗ്-മാഷ്‌കോ. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ ഷെരീഫ് ഫ്‌ലവേഴ്‌സ് ദുഃഖം രേഖപ്പെടുത്തി. സ്വീറ്റിംഗ്-മാഷ്‌കോയ്ക്ക് മരണാനന്തരം ഷെരീഫ് ഓഫീസില്‍ 'സെര്‍ജന്റ്' ആയി സ്ഥാനക്കയറ്റം നല്‍കി.