നയതന്ത്ര തർക്കത്തെത്തുടർന്ന് നിർത്തിവെച്ച വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.
2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 50 ബില്യൺ യുഎസ് ഡോളറാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPE) ചർച്ചകൾ ആരംഭിക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. ജോഹന്നാസ്ബർഗിൽ നടന്ന ജി-20 ഉച്ചകോടിയുടെയും, ജൂണിൽ കാനഡയിൽ നടന്ന ജി-7 ഉച്ചകോടിയുടെയും ഇടയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാപാരം, പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ, ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും നേതാക്കൾ തമ്മിൽ ധാരണയായി. പരസ്പര ബഹുമാനം, നിയമവാഴ്ച, ജനാധിപത്യ മൂല്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുത്തിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിൻ്റെ ഭാഗമായി, പുതിയ ഹൈക്കമ്മീഷണർമാരെ എത്രയും വേഗം നിയമിക്കാനും മോദിയും കാർണിയും തീരുമാനിച്ചു. 2023-ൽ നിജ്ജാറിൻ്റെ കൊലപാതകത്തെത്തുടർന്ന് വഷളായ ബന്ധം മെച്ചപ്പെടുത്താനും, തകർന്ന ഉഭയകക്ഷി ബന്ധത്തിൽ സ്ഥിരത പുനഃസ്ഥാപിക്കാനുമുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.