കാൽഗറിയിൽ മഞ്ഞുവീഴ്ച തുടങ്ങുന്നു.. ഈ ആഴ്ച മുഴുവനും തുടരാൻ സാധ്യത

By: 600110 On: Nov 24, 2025, 8:50 AM

കാൽഗറിയിൽ ഈ സീസണിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്ച തിങ്കളാഴ്ചയോടെ തുടങ്ങാൻ സാധ്യതയുണ്ടന്ന് റിപ്പോർട്ട്. കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം ആരംഭിക്കുന്ന മഞ്ഞുവീഴ്ച തിങ്കളാഴ്ച ഉച്ചവരെ നീണ്ടുനിൽക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് അത് അവസാനിക്കും. ഈ കാലാവസ്ഥാ മാറ്റം നഗരത്തിലെ താപനില ഗണ്യമായി കുറയ്ക്കാൻ കാരണമാകും. ഏകദേശം ആറ് മുതൽ എട്ട് സെൻ്റീമീറ്റർ വരെ മഞ്ഞ്  വന്നടിയാനും സാധ്യതയുണ്ട്.

കാനഡയിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിൻ്റെ (Environment and Climate Change Canada - ECCC) റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്ച പരമാവധി താപനില -2 C ആയിരിക്കും.  കൂടാതെ ഈ ആഴ്ച മുഴുവനും കാൽഗറിയിൽ മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ താപനില ഏകദേശം -10 C വരെ എത്താൻ സാധ്യതയുണ്ട്. ഈ വർഷം വൈകിയാണ് ശീതകാലം എത്തിച്ചേരുന്നത് എന്നതിനാൽ, കാൽഗറി നിവാസികൾ വീടുകളുടെ പുറംഭാഗങ്ങൾ (exterior) തണുപ്പിൽ നിന്നും സംരക്ഷിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് കാൽഗറി ഹോം ഇൻസ്പെക്ഷൻ സ്  മുന്നറിയിപ്പ് നൽകി. പുറത്തെ ഹോസുകളിലേക്കുള്ള വെള്ളം നിർത്തുകയും, പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ വെള്ളം പൂർണ്ണമായും കളയണമെന്നും  നിർദേശിച്ചു.