കാനഡയിലെ ജീവിതനിലവാരം കുറയാൻ കാരണം കുടിയേറ്റ നയം: ജെ.ഡി. വാൻസ്
കാനഡയുടെ കുടിയേറ്റ നയങ്ങൾക്കെതിരെ വിമർശനവുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. കാനഡയുടെ കുടിയേറ്റ നയങ്ങളാണ് അവിടുത്തെ ജീവിതനിലവാരം കുറയാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് അദ്ദേഹം കനേഡിയൻ രാഷ്ട്രീയ നേതൃത്വത്തെയും കുടിയേറ്റ നയങ്ങളെയും കടന്നാക്രമിച്ചത്. കാനഡയിലെ ജീവിതനിലവാരം അമേരിക്കയെയും ബ്രിട്ടനെയും അപേക്ഷിച്ച് കുറഞ്ഞുവരുന്നതായി കാണിക്കുന്ന ഡാറ്റയും അദ്ദേഹം പങ്കുവെച്ചു.
ജി-7 രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വിദേശ പൗരന്മാരുള്ള രാജ്യം കാനഡയാണെന്ന വസ്തുതയും അദ്ദേഹം തൻ്റെ വാദങ്ങളുടെ ഭാഗമായി ചൂണ്ടിക്കാട്ടി. വൈവിധ്യം നമ്മുടെ ശക്തിയാണ് എന്ന കനേഡിയൻ മുദ്രാവാക്യം അവിടുത്തെ നേതൃത്വം വളരെയധികം മുന്നോട്ട് കൊണ്ടുപോയെന്നും, ഈ നയം രാജ്യത്തിന് ഗുണകരമായില്ലെന്നും വാൻസ് അഭിപ്രായപ്പെട്ടു. കാനഡയിലെ ജീവിതനിലവാരം സ്തംഭിക്കുന്നതിന് കാരണം ഡൊണാൾഡ് ട്രംപോ മറ്റ് കെട്ടിച്ചമച്ച കാര്യങ്ങളോ അല്ല, മറിച്ച് കനേഡിയൻ ജനത തിരഞ്ഞെടുത്ത നേതാക്കളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രസ്താവന കാനഡയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായിട്ടുണ്ട്.