സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഫെഡറൽ സർക്കാരിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്ന് കാനഡ പോസ്റ്റ്. കഴിഞ്ഞ ജനുവരിയിൽ ക്രൗൺ കോർപ്പറേഷൻ ഫെഡറൽ സർക്കാരിൽ നിന്ന് $1.03 ബില്യൺ വായ്പ എടുത്തിരുന്നു, എന്നാൽ വരുമാനത്തിലുള്ള കുറവും പണിമുടക്കുകളും കാരണം ആ പണം ഡിസംബർ 31-ഓടെ തീരാനാണ് സാധ്യതയെന്നും കൂടുതൽ ധനസഹായം വേണ്ടി വരുമെന്നുമാണ് കാനഡ പോസ്റ്റ് വ്യക്തമാക്കിയത്.
സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കാനഡ പോസ്റ്റ് $541 മില്യനോളം നഷ്ടം രേഖപ്പെടുത്തി. സ്ഥാപനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം പാദഫലമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ $315 മില്യനായിരുന്ന നഷ്ടം. തുടർച്ചയായ പണിമുടക്ക് നടപടികളും അനിശ്ചിതത്വവും കാരണം ധാരാളം ഉപഭോക്താക്കൾ എതിരാളികളായ പാഴ്സൽ ഡെലിവറി കമ്പനികളെ ആശ്രയിച്ചതായി കാനഡ പോസ്റ്റ് പറയുന്നു. 27 മില്യൺ പാക്കേജുകളുടെ അളവിൽ കുറവുണ്ടായതിനെത്തുടർന്ന് പാഴ്സൽ വരുമാനം 40 ശതമാനം കുറഞ്ഞ് $450 മില്യണായി.
കമ്പനി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 2018 മുതൽ മൊത്തം $5.5 ബില്യണിലധികം നഷ്ടമാണുണ്ടായത്. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം കാനഡ പോസ്റ്റിന് $989 മില്യൺ നഷ്ടമുണ്ടായി. ഈ നഷ്ടത്തിൻ്റെ ഭൂരിഭാഗവും രണ്ടാം പാദത്തിലും മൂന്നാം പാദത്തിലുമാണ് സംഭവിച്ചത്. ഇതിന് കാരണം തൊഴിലാളി പ്രശ്നങ്ങളും അവുടെ റൊട്ടേറ്റിംഗ് സ്ട്രൈക്കുകളുമാണ് എന്നും കമ്പനി കുറ്റപ്പെടുത്തി.