'റെഗുലേറ്റഡ് പ്രൊഫഷൻസ് ന്യൂട്രാലിറ്റി ആക്റ്റ്' (Bill 13) എന്ന പുതിയ നിയമനിർമ്മാണം അവതരിപ്പിച്ച് ആൽബെർട്ട സർക്കാർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ഔദ്യോഗിക സമയത്തല്ലാതെ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം സംരക്ഷിക്കുകയാണ് ഈ ബില്ലിൻ്റെ പ്രധാന ലക്ഷ്യം. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ പ്രൊഫഷണൽ റെഗുലേറ്ററി ബോഡികൾ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനെ ഇത് നിയന്ത്രിക്കും. പൗരന്മാരെന്ന നിലയിലുള്ള അവരുടെ മൗലിക സ്വാതന്ത്ര്യം നിലനിർത്താനും, പൊതുസേവനം ഉൾപ്പെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ബിൽ സഹായകമാകും എന്ന് സർക്കാർ അവകാശപ്പെടുന്നു.
ബിൽ 13 (Bill 13) പ്രകാരം, ഔദ്യോഗിക സമയത്തല്ലാതെ നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരിൽ പ്രൊഫഷണലുകൾക്കെതിരെ ശിക്ഷാ നടപടി എടുക്കാൻ റെഗുലേറ്ററി ബോഡികൾക്ക് കഴിയില്ല. സാംസ്കാരികപരമായോ രാഷ്ട്രീയപരമായോ ഉള്ള നിർബന്ധിത പരിശീലന പരിപാടികൾ ഏർപ്പെടുത്തുന്നതിൽ നിന്നും റെഗുലേറ്ററി ബോഡികളെ ഈ നിയമം വിലക്കുന്നുണ്ട്. പൊതുതാൽപ്പര്യവും പ്രൊഫഷണൽ സമഗ്രതയും നിലനിർത്തിക്കൊണ്ട്, വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ശ്രമമാണ് ഈ ബിൽ എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ശാരീരിക അതിക്രമമോ ക്രിമിനൽ ശിക്ഷാവിധിയോ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഈ പരിരക്ഷ ലഭിക്കില്ല. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാനുദ്ദേശിച്ച് തൻ്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുമ്പോഴും ലൈംഗിക ദുരുപയോഗം നടത്തുമ്പോഴും ഈ പരിരക്ഷ ലഭിക്കില്ല.