യു.എ.ഇ. സന്ദർശിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, യു.എ.ഇ. കാനഡയിൽ 70 ബില്യൺ ഡോളർ നിക്ഷേപം നടത്തും

By: 600110 On: Nov 22, 2025, 12:00 PM

യുഎഇ സന്ദർശിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി .  യുഎഇയുടെ 70 ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനം ഊട്ടിയുറപ്പിക്കുന്നതിനും  ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായിരുന്നു സന്ദർശനം.  ഈ വൻകിട നിക്ഷേപം ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കാനഡയുടെ സുപ്രധാന മേഖലകൾക്ക് വലിയ കരുത്ത് പകരാൻ ലക്ഷ്യമിട്ടുള്ളതാണ്.

 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, രാജ്യത്തിൻ്റെ ദീർഘകാല വളർച്ച മെച്ചപ്പെടുത്താനും യുഎഇയുടെ നിക്ഷേപം വഴിയൊരുക്കും. യുഎഇയുടെ നിക്ഷേപ വാഗ്ദാനം ഇരു രാജ്യങ്ങൾക്കും പരസ്പര നേട്ടമുണ്ടാക്കുന്ന ഒരു സഹകരണത്തിൻ്റെ സൂചന കൂടിയാണ്. സുപ്രധാന ധാതുക്കളുടെ സംസ്കരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി കാനഡയിൽ 100 കോടി ഡോളറിൻ്റെ പദ്ധതിക്ക് കനേഡിയൻ സർക്കാർ രൂപം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു.   ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം, ലൈഫ് സയൻസ് എന്നിവയിൽ ഏറെ മുന്നേറാൻ കാനഡയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഈ കഴിവുകളെ വാണിജ്യപരമായി ഉപയോഗപ്പെടുത്തേണ്ട സമയമാണിതെന്ന് തങ്ങൾ മനസ്സിലാക്കുന്നു എന്നും കാർണി പറഞ്ഞു. യുഎഇയുമായി വ്യാപാര ചർച്ചകൾക്ക് തുടക്കം കുറിച്ചതായും യുഎഇയിൽ നിന്നുള്ള നിക്ഷേപകരെ കാനഡയിലേക്ക് ക്ഷണിച്ചതായും കാർണി വ്യക്തമാക്കി.

കനേഡിയൻ വിപണിയിൽ ലോക രാജ്യങ്ങൾക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കാൻ യുഎഇ നിക്ഷേപം വഴിയൊരുക്കും.  ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ കാനഡ തയ്യാറെടുക്കുന്ന ഈ സാഹചര്യത്തിൽ, യുഎഇയുടെ ഈ 70 ബില്യൺ ഡോളറിൻ്റെ നിക്ഷേപം രാജ്യത്തിൻ്റെ സുസ്ഥിരമായ വളർച്ചയ്ക്ക് നിർണായകമായേക്കും.