ബ്രിട്ടീഷ് കൊളംബിയയിൽ ഗ്രിസ്ലി കരടിയുടെ ആക്രമണം: നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

By: 600110 On: Nov 22, 2025, 7:21 AM

 

ബ്രിട്ടീഷ് കൊളംബിയയിൽ ഗ്രിസ്ലി കരടിയുടെ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വാൻകൂവറിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ബെല്ല കൂള എന്ന പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പതിനൊന്നോളം പേർക്ക് പരിക്കേറ്റതായി ആർ.സി.എം.പി സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എന്നാൽ വിദ്യാർഥികളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

കരടിയുടെ ആക്രമണത്തെ തടയാൻ ശ്രമിച്ച അധ്യാപകരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെയുൾപ്പടെ നാല് പേരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കരടിയെ ഇതുവരെ കണ്ടെത്താത്തതിനാൽ പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെല്ല കൂള റിവർ വാലിയിലെ നാല് മൈലിന് ചുറ്റുമുള്ള വനപ്രദേശങ്ങളിലും നദീതീരങ്ങളിലും നടക്കുന്നത് ഒഴിവാക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രദേശവാസികൾക്ക് ഇതര യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനായി അധികൃതർ കരടിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രാദേശിക സമൂഹങ്ങൾ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിലുമാണ് ഇപ്പോഴത്തെ ശ്രദ്ധ.