ബ്രിട്ടീഷ് കൊളംബിയയിൽ തപാൽ ജീവനക്കാരെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി ഒരു കുടുംബത്തെ 13 മണിക്കൂറുകളോളം പീഡിപ്പിക്കുകയും രണ്ട് മില്യൻ ഡോളറിൻ്റെ ക്രിപ്റ്റോ കറൻസി കവരുകയും ചെയ്തവരിൽ ഒരാൾക്ക് ഏഴ് വർഷം തടവ് വിധിച്ച് കോടതി. 2024 ഏപ്രിലിലായിരുന്നു സംഭവം. കേസിലുൾപ്പെട്ട മറ്റ് മൂന്ന് പേർക്കായി അന്വേഷണം തുടരുകയാണ്.
കാനഡ പോസ്റ്റിൻ്റെ യൂണിഫോമും മാസ്കും ധരിച്ചാണ് അക്രമിസംഘം വീട്ടിൽ പ്രവേശിച്ചത്. വാതിൽ തുറന്നപ്പോൾ നാല് പേർ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. അവർ വീട്ടുകാരെ കെട്ടിയിടുകയും അവരുടെ ഫോണുകളും ലാപ്‌ടോപ്പുകളും കൈവശപ്പെടുത്തുകയും ചെയ്തു. പാസ്‌വേഡുകൾ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് അക്രമികൾ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. കുടുംബനാഥനെയും ഭാര്യയെയും വെള്ളം ഉപയോഗിച്ച് ശ്വാസംമുട്ടിക്കുകയും, കുടുംബനാഥനെ മർദിക്കുകയും വസ്ത്രങ്ങൾ ഊരിമാറ്റുകയും ചെയ്തു. മകളെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയും, പോലീസിനെ വിളിച്ചാൽ ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
കുടുംബത്തിൻ്റെ അക്കൗണ്ടുകളിൽ നിന്ന് ക്രിപ്‌റ്റോകറൻസിയായി ഏകദേശം $2.2 മില്യൺ ഡോളർ അക്രമികൾ മോഷ്ടിച്ചു. മകൾ രക്ഷപ്പെട്ട് പോലീസിനെ വിളിച്ചതോടെയാണ് ആക്രമണം അവസാനിച്ചത്. പോലീസ് എത്തുമ്പോൾ അച്ഛനെ കെട്ടിയിട്ട നിലയിലും അരയ്ക്ക് താഴെ നഗ്നനായും കണ്ടെത്തി. അമ്മയെ കെട്ടിയിട്ട് വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. അക്രമി സംഘത്തിൽപ്പെട്ട ഹോങ്കോങ്ങിൽ നിന്നുള്ള 35 വയസ്സുകാരനെയാണ് ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി ഇപ്പോഴും അന്വേഷണം തുടരുകയാണ്.