കാനഡയിൽ അതിർത്തി ഉദ്യോഗസ്ഥർക്ക് ജോലിഭാരം ഏറിയതിനാൽ, വേണ്ടത്ര സുരക്ഷാ പരിശോധനകളില്ലാതെയാണ് കുടിയേറ്റക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. നിലവിൽ "ഓണർ സിസ്റ്റത്തെ" ആശ്രയിച്ചുള്ള സുരക്ഷാ പരിശോധനകൾ മാത്രമാണ് നടക്കുന്നത്. ഇതനുസരിച്ച് അഭയാർഥി അപേക്ഷകർ ഒരു സ്മാർട്ട്‌ഫോൺ ആപ്പ് വഴി ചോദ്യാവലി പൂരിപ്പിച്ചാൽ മാത്രം മതിയാകും. പ്രവേശിച്ച ഉടൻ ഇവർക്ക് അഭയാർഥി പദവി ലഭിക്കുകയും, സൗജന്യ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ പെർമിറ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാവുകയും ചെയ്യുന്നു. ഈ രീതി കാനഡയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും, ഉയർന്ന ക്ലെയിമുകളുടെ എണ്ണം കാരണം തങ്ങൾക്ക് മറ്റ് വഴികളില്ലെന്നാണ് അവരുടെ നിലപാട്.
നികുതിദായകരുടെ പണം ഉപയോഗിച്ച് ഓരോ അപേക്ഷകനു വേണ്ടിയും താമസത്തിനും ഭക്ഷണത്തിനുമായി പ്രതിദിനം ഏകദേശം $224 ആണ് സർക്കാർ ചെലവഴിക്കുന്നത്. അപേക്ഷകൾ തീർപ്പാക്കാൻ രണ്ട് വർഷം വരെ സമയമെടുക്കുന്നതിനാൽ, യഥാർത്ഥ അഭയാർഥികളല്ലാത്തവർക്കും ഈ കാലയളവിൽ കാനഡയിൽ താമസിച്ച് ആനുകൂല്യങ്ങൾ നേടാൻ സാധിക്കുന്നു.ഇത്രയധികം അപേക്ഷകരെ കൈകാര്യം ചെയ്യുന്ന തിരക്കിൽ, അതിർത്തി കാവൽക്കാർക്ക് സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയോടെ പരിശോധിക്കാൻ കഴിയുന്നില്ല.
അഭയാർഥി പദവിയുള്ളവരും അപേക്ഷകരുമായി ഏകദേശം 4,97,000 ആളുകൾ നിലവിൽ കാനഡയിൽ ഉണ്ട്. 2015-നേക്കാൾ വളരെ ഉയർന്ന കണക്കാണിത്. വിസ കാലാവധി അവസാനിക്കുന്ന വിദേശ വിദ്യാർഥികളും, നിയമവിരുദ്ധമായി അതിർത്തി കടന്നു വരുന്നവരുമാണ് പുതിയ അപേക്ഷകരിൽ കൂടുതലും. പുതിയ നിയമങ്ങൾ വന്നതിനുശേഷവും, ഓരോ മാസവും 50 മുതൽ 100 പേർ വരെ നിയമവിരുദ്ധമായി അതിർത്തി കടന്നുവരുന്നുണ്ട്. മതിയായ ജീവനക്കാ ഇല്ലാത്തതിനാൽ ശരിയായ അഭിമുഖങ്ങളോ സുരക്ഷാ പരിശോധനകളോ നടത്താൻ കഴിയുന്നില്ലെന്ന് അതിർത്തി ഉദ്യോഗസ്ഥർ പറയുന്നു.