ബാക്ക്‌യാർഡ് സ്യൂട്ടുകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയുമായി കാൽഗറി. ലെയ്ൻവേ സ്യൂട്ടുകൾ അല്ലെങ്കിൽ ഗാർഡൻ സ്യൂട്ടുകൾ എന്നും അറിയപ്പെടുന്ന ചെറിയ വീടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ളൊരു പുതിയ പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിടുന്നത്. ഈ ചെറിയ വീടുകൾ കുടുംബങ്ങൾക്ക് മികച്ച താമസ സൗകര്യങ്ങൾ ഒരുക്കുമെന്നും വാടകയ്ക്ക് താമസിക്കുന്നവർക്ക് താങ്ങാനാവുന്ന ഇടങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷ.
ഫെഡറൽ ഹൗസിങ് ആക്സിലറേറ്റർ ഫണ്ടിൽ നിന്നുള്ള 10 മില്യൺ ഡോളർ ഈ പദ്ധതിക്കായി ചെലവഴിക്കും. ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിനായാണ് ഈ പണം ഉപയോഗിക്കുക. ഉടമകൾക്ക് വീടിൻ്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാനും നിർമ്മാണ ചെലവും സങ്കീർണ്ണതയും കുറയ്ക്കാനും സഹായം ലഭിക്കും. കമ്മ്യൂണിറ്റികളുടെ സ്വഭാവത്തിന് മാറ്റം വരുത്താതെ തന്നെ സമീപപ്രദേശങ്ങളിലെ ജനസാന്ദ്രത വർദ്ധിപ്പിക്കാൻ ബാക്ക്‌യാർഡ് സ്യൂട്ടുകൾ സഹായിക്കുമെന്ന് നഗരസഭ അധികൃതരുടെ വിശ്വാസം. വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള കൂടുതൽ വീടുകൾ വർദ്ധിച്ചു വരുന്ന ഭവന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.
പുതിയ വിലയിരുത്തൽ അനുസരിച്ച്, നഗരത്തിലെ അഞ്ചിലൊന്ന് കുടുംബങ്ങൾക്കും ഇപ്പോഴത്തെ താമസച്ചെലവ് താങ്ങാൻ കഴിയുന്നില്ല. ബാക്ക്‌യാർഡ് സ്യൂട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ താങ്ങാനാവുന്ന വിലയ്ക്ക് കൂടുതൽ വീടുകൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾപ്പെടെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. പദ്ധതിയിലൂടെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബാക്ക്‌യാർഡ് സ്യൂട്ടുകളുടെ നിർമ്മാണത്തിൽ വേഗത്തിലുള്ള വളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.