കാനഡയിലെ വിവിധ മേഖലകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കരാറിൽ എല്ലാ പ്രവിശ്യകളും , ഫെഡറൽ സർക്കാരും ഒപ്പുവെച്ചു. ഈ കരാർ വഴി, കാനഡയിൽ ഉടനീളം പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങൾ എളുപത്തിൽ വിൽക്കാനാകും. യെല്ലോനൈഫിൽ നടന്നൊരു യോഗത്തിൽ വെച്ചാണ് വ്യാപാര മന്ത്രിമാർ കരാറിൽ ഒപ്പിട്ടത്.
അനാവശ്യ നടപടിക്രമങ്ങളും നിയമക്കുരുക്കുകളും ഒഴിവാക്കുന്നതിൽ ചരിത്രപരമായൊരു നടപടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം ഇത് പ്രാബല്യത്തിൽ വരും. ഭക്ഷണ സാധനങ്ങൾ, പാനീയങ്ങൾ, പുകയില, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവ ഒഴികെയുള്ള മിക്ക ഉൽപ്പന്നങ്ങൾക്കും ഈ കരാർ ബാധകമാണ്. ഭാവിയിൽ ഭക്ഷണ സാധനങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒരു ഉൽപ്പന്നം ഒരു പ്രവിശ്യയിലോ ടെറിട്ടറിയിലോ നിയമപരമായി വിൽക്കാൻ കഴിയുമെങ്കിൽ, അധിക നിയമങ്ങളോ അംഗീകാരങ്ങളോ ഇല്ലാതെ അത് മറ്റ് ഏത് പ്രദേശത്തും വിൽക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഇതിലൂടെ ബിസിനസ്സുകൾക്ക് ധാരാളം പണം ലാഭിക്കാൻ സഹായിക്കും. ചെറുകിട, ഇടത്തരം ബിസിനസ്സുകൾക്ക് പുതിയ വിപണികളിലേക്ക് എത്താനും പണം ലാഭിക്കാനും ഇതിലൂടെ സാധിക്കും. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കുക.
ഈ കരാർ കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 7.9% വരെ വർദ്ധിപ്പിക്കുമെന്നും, രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 200 ബില്യൺ ഡോളർ വരെ കൂട്ടിച്ചേർക്കുമെന്നും വിദഗ്ധർ പറയുന്നു ഇത് ബിസിനസ്സുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും കാനഡയ്ക്കുള്ളിലെ വ്യാപാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.