'ബൈ ഒൻ്റാരിയോ ആക്റ്റ്' എന്ന പേരിൽ പുതിയൊരു നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ഒൻ്റാരിയോ സർക്കാർ. ഈ നിയമം അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഒൻ്റാരിയോയിൽ നിർമ്മിച്ച സാധനങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നലികേണ്ടി വരും. ഒൻ്റാരിയോയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലഭ്യമല്ലെങ്കിൽ, അടുത്തതായി കനേഡിയൻ വിതരണക്കാരെയാണ് പരിഗണിക്കേണ്ടത്. നഗരങ്ങൾ, സർക്കാർ വകുപ്പുകൾ, കരാറുകാർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാകും. യു.എസ് തീരുവ അടക്കമുള്ള സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ഒൻ്റാരിയോയിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പൊതു-ബിസിനസ് സർവീസ് ഡെലിവറി മന്ത്രിയായ സ്റ്റീഫൻ ക്രോഫോർഡ്, പറഞ്ഞു. പൊതുപണം ഒൻ്റാരിയോയിലും കാനഡയിലും നിലനിർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകളിൽ ഒൻ്റാരിയോ ഉൽപ്പന്നങ്ങൾക്ക് എങ്ങനെ മുൻഗണന നൽകണം എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ നിയമത്തിൽ ഉൾപ്പെടുത്തും. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയോ, ഭാവിയിലെ കരാറുകളിൽ നിന്ന് വിലക്കുകയോ ചെയ്യും. കാനഡയിലെയും ഒൻ്റാരിയോയിലെയും അംഗീകൃത വിതരണക്കാരുടെ ലിസ്റ്റുകളും സർക്കാർ തയ്യാറാക്കുന്നുണ്ട്. ന്യായമായ സമയപരിധിക്കുള്ളിലോ ചെലവിലോ സാധനങ്ങൾ ലഭ്യമല്ലെങ്കിൽ, കാനഡയ്ക്ക് പുറത്തുനിന്ന് വാങ്ങാൻ അനുമതിയുണ്ടാകും.