ഒൻ്റാരിയോയിലെ ബ്രാംപ്ടണിൽ ഉണ്ടായ വലിയ തീ പിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഒരു കുട്ടിയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 2:00 മണിയോടെയാണ് മക്ലോഗ്ലിൻ റോഡിനും റിമംബറൻസ് റോഡിനും സമീപമുള്ള വീട്ടിൽ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. രണ്ട് മുതിർന്നവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു എന്ന് പീൽ റീജിയണൽ പോലീസ് പറഞ്ഞു.
തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് മുതിർന്നവരും ഒരു കുട്ടിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് പൊള്ളലും പുക ശ്വസിച്ചതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകളുമാണ് ഉണ്ടായത്. വീട്ടിൽ താമസിച്ചിരുന്നവരിൽ മൂന്ന് പേരെ കാണാതായിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ഒൻ്റാരിയോ ഫയർ മാർഷൽ ഓഫീസും പോലീസും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയവരാണ് ഗുരുതരാവസ്ഥയിലുള്ളവരിൽ ചിലർ.